തലയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മോചിതനായി ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ലുങ്കി എന്‍ഗിഡി പരിശീലനം പുനരാരംഭിച്ചു. നെറ്റ്സില്‍ പന്തെറിയുന്ന വീഡിയോ ടീം പങ്കുവെച്ചെങ്കിലും, ഐസിസി പ്രോട്ടോക്കോൾ കാരണം അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.

ജയ്പൂര്‍: തലയ്‌ക്കേറ്റ പരിക്കില്‍ നിന്നും മോചിതനായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി ടീമിലേക്ക് തിരിച്ചെത്തുന്നു. മെയ് ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി എന്‍ഗിഡി നെറ്റ്സില്‍ പന്തെറിയുന്ന വീഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചു. 25ന് ഡല്‍ഹിയില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പിന്നിലേക്ക് മറിഞ്ഞുവീണ എന്‍ഗിഡിയുടെ തല നിലത്ത് ശക്തമായി അടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഗ്രൗണ്ടില്‍ വീണ താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് ഡല്‍ഹി പുറത്തുവിട്ട വീഡിയോയില്‍ താരം പൂര്‍ണ്ണ വേഗതയില്‍ പന്തെറിയുന്നതും വിക്കറ്റ് വീഴ്ത്തി ആഘോഷിക്കുന്നതും കാണാം. ഡല്‍ഹി താരം കെയ്ല്‍ ജാമിസണ്‍ 'എന്‍ഗിഡി തിരിച്ചെത്തിയിരിക്കുന്നു' എന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിലുണ്ട്. പരിക്കിനെത്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരം താരത്തിന് നഷ്ടമായിരുന്നു.

പ്രോട്ടോകോള്‍ തടസ്സമായേക്കും

പരിശീലനത്തിന് എത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരായ അടുത്ത മത്സരത്തില്‍ എന്‍ഗിഡി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഐസിസി പ്രോട്ടോകോള്‍ പ്രകാരം തലയ്ക്ക് പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത വിശ്രമം ആവശ്യമാണ്. ഐപിഎല്‍ നിയമങ്ങളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നില്ലെങ്കിലും എന്‍ഗിഡിയോട് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തുന്ന എന്‍ഗിഡി ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ എന്‍ഗിഡിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

YouTube video player