കൊൽക്കത്ത: ആവേശം വാനോളമുയ‍ർത്തിയ ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 231 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത ശ്രീലങ്ക ഏഴിന് 75 എന്ന നിലയിൽ നില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കാന്‍ അംപയ‍മാരും ഇരു ക്യാപ്റ്റൻമാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് ദുഷ്ക്കരമായ വിക്കറ്റിൽ തോൽവി ഒഴിവാക്കാൻവേണ്ടി ബാറ്റുചെയ്‌ത ശ്രീലങ്കയ്‌ക്ക് തുടക്കത്തിലേ ഇന്ത്യൻ ബൗള‍ർമാർ പ്രഹരമേൽപ്പിച്ചു. സ്കോർബോർഡ് തുറക്കുമുമ്പെ സമരവിക്രമയെ(പൂജ്യം) ഭുവനേശ്വർകുമാ‍ർ‍ മടക്കി. ടെസ്റ്റിൽ ഭുവനേശ്വറിന്റെ അമ്പതാമത്തെ വിക്കറ്റായിരുന്നു ഇത്. ഒരു റൺസെടുത്ത കരുണരത്നയെ മൊഹമ്മദ് ഷമി ക്ലീൻ ബൌൾഡാക്കുക കൂടി ചെയ്തപ്പോൾ ശ്രീലങ്ക രണ്ടിന് രണ്ട് എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. 27 റണ്‍സെടുത്ത നിരോഷൻ ഡിക്ക്‌വെല്ലയാണ് ടോപ് സ്‌കോറ‍ർ. ഇന്ത്യയ്‌ക്കുവേണ്ടി ഭുവനേശ്വർകുമാർ നാലു വിക്കറ്റെടുത്തപ്പോൾ, മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റെടുത്തു.

സ്കോർ: ഇന്ത്യ- 172, എട്ടിന് 352 & ശ്രീലങ്ക- 294, ഏഴിന് 75

നേരത്തെ ഒന്നിന് 171 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ എട്ടിന് 352 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ നായകൻ വിരാട് കോലിയുടെയും(പുറത്താകാതെ 104), അർദ്ധസെഞ്ച്വറി നേടിയ ശിഖർ ധവാൻ(94), കെ എൽ രാഹുൽ(79) എന്നിവരുടെയും മികവാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. ശ്രീലങ്കയ്ക്കുവേണ്ടി സുരംഗ ലക്മൽ, ധസുൻ ശനക എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ രണ്ടാമത്തെ മൽസരം നാഗ്‌പുരിലെ വിദ‍ർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നവംബ‍ർ 24 മുതൽ 28 വരെ നടക്കും