ജൊഹന്നസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ അതിമാനുഷനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്ന് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. ഏകദിനത്തില്‍ അസൂയാവഹമായ മികവ് കാട്ടുന്ന കോലിയുടെ റണ്‍വേട്ട തന്നെ അത്ഭുതപ്പെടുത്തുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിക്കുള്ള മികവ് മറ്റൊരു താരത്തിനുണ്ടോ എന്ന് സംശയമാണെന്ന് എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സംഗ പറയുന്നു.
വെറും 205 ഏകദിനങ്ങളില്‍ നിന്ന് 34 സെഞ്ചുറി നേടി റെക്കോര്‍ഡ് ബുക്കിലേക്ക് കുതിക്കുകയാണ് കോലി. ഏകദിനത്തില്‍ 49 സെഞ്ചുറി നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ള ഏക താരം. കോലി ബാറ്റ് ചെയ്യുന്ന രീതി മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്നതാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇതിനകം രണ്ട് സെഞ്ചുറി കോലി നേടിക്കഴിഞ്ഞു.
