കോലിയെ പ്രശംസിച്ച് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസം കുമാര്‍ സംഗക്കാര. കോലി മറ്റ് സമകാലിക കളിക്കാരെക്കാളും ഉയരങ്ങളിലാണെന്ന് സംഗക്കാര. 

കൊളംബോ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസം കുമാര്‍ സംഗക്കാര. കോലി മറ്റ് സമകാലിക കളിക്കാരെക്കാളും മുകളിലാണ്. എക്കാലത്തെയും മികച്ച താരമായില്ലെങ്കില്‍, ഈ മികവ് തുടര്‍ന്നാല്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ കോലി ഉറപ്പായും ഇടംപിടിക്കുമെന്നും സംഗ പറഞ്ഞു.

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളിലും കോലി പ്രകടിപ്പിക്കുന്ന സ്ഥിരതയെയും സംഗക്കാര പ്രശംസിച്ചു. റണ്‍സടിച്ചുകൂട്ടുന്നതില്‍ കോലി വിസ്‌മയമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാന്‍ കോലിക്കറിയാം. ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമാണ് അയാള്‍ കാട്ടുന്നത്. മൈതാനത്തെ പെരുമാറ്റത്തില്‍ അതാണ് കാണുന്നത്. ക്രിക്കറ്റിനോടുള്ള കോലിയുടെ മനോഭാവം എന്താണെന്ന് വ്യക്തമാണെന്നും കുമാര്‍ സംഗക്കാര പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം(2018) അപാരഫോമാണ് വിരാട് കോലി കാഴ്‌ചവെച്ചത്. ഐസിസിയുടെ ക്രിക്കറ്റ് ഓഫ് ദ് ഇയറായി തെരഞ്ഞെടുക്കപ്പെട്ട കോലി മികച്ച ടെസ്റ്റ്- ഏകദിന താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കി. സമകാലിക വിസ്‌മയങ്ങളായ കെയ്‌ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ‌്‌മിത്ത് എന്നിവരെ പിന്നിലാക്കി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്താനും കോലിക്കായി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നാല് ടെസ്റ്റില്‍ നിന്ന് 282 റണ്‍സും മൂന്ന് ഏകദിനങ്ങളില്‍ 153 റണ്‍സും നേടി. ന്യൂസീലന്‍ഡില്‍ മൂന്ന് ഏകദിനങ്ങളില്‍ 148 റണ്‍സും കോലി പേരിലാക്കി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് കോലി. 222 ഏകദിനങ്ങളില്‍ ഇതിനകം 39 സെഞ്ചുറി കോലി അടിച്ചെടുത്തിട്ടുണ്ട്. 463 ഏകദിനങ്ങളില്‍ 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ടെസ്റ്റില്‍ 77 മത്സരങ്ങളില്‍ 25 സെഞ്ചുറികളും ഇന്ത്യന്‍ നായകന് സ്വന്തം.