മുംബൈ: സഞ്ജയ് ബാംഗറിന് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നല്‍കണമെന്ന് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ. നിലവില്‍ ടീമിന്റെ ബാറ്റിംഗ് കോച്ചാണ് ബാംഗര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങളാണ് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ ബിസിസിഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്. നിലവിലെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറെ അസിസ്റ്റന്റ് കോച്ചായി നിയമിക്കണം. പുതിയ ബാറ്റിംഗ് കോച്ചിനെയും ബൗളിംഗ് കോച്ചിനെയും നിയമിക്കുകയും ഫീല്‍ഡിംഗ് കോച്ചായി ആര്‍ ശ്രീധറെ നിലനിറുത്തുകയും വേണം.
എല്ലാവരുടെയും വാര്‍ഷിക പ്രതിഫലം മുപ്പത് ശതമാനം ഉയര്‍ത്തണം. ടീം ഇന്ത്യക്കൊപ്പം ഇന്ത്യ എ ടീമും ദേശീയ ക്രിക്കറ്റ് അക്കാഡമിയും മുഖ്യ പരിശീകന്റെ മേല്‍നോട്ടത്തിലായിരിക്കണം. അക്കാദമിയിലെ ബാറ്റിംഗ് കോച്ചായി ഡബ്ലിയു വി രാമനെയും സ്പിന്‍ ബൗളിംഗ് കോച്ചായി നരേന്ദ്ര ഹിര്‍വാനിയെയും നിയമിക്കണം. ഫാസ്റ്റ് ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച്, കന്പ്യൂട്ടര്‍ അനലിസ്റ്റ് എന്നിവര്‍കൂടി വേണം.കളിക്കാരുടെ വാര്‍ഷിക കരാറിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. ടെസ്റ്റ്, ഏകദിന, ട്വന്റി 20 താരങ്ങള്‍ക്ക് വ്യത്യസ്ത കരാര്‍ നല്‍കുന്നതിനൊപ്പം പ്രതിഫലം ഉയര്‍ത്തണമെന്നും കുംബ്ലെ ആവശ്യപ്പെടുന്നു. കുംബ്ലെയുടെ നിര്‍ദേശം അനുസരിച്ച് വിരാട് കോലിക്ക് വാര്‍ഷിക കരാര്‍ തുകയായി ആറ് കോടി 25 ലക്ഷം രൂപയാണ് കിട്ടുക. പ്രതിഫലം ഉയര്‍ത്തുന്നതിലൂടെ ടീമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുമെന്നും കുംബ്ലെ പറയുന്നു. സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐ കുംബ്ലെയുടെ നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കും.
