കരുത്തരായ ശ്രീലങ്കയെ ക്രിക്കറ്റിലെ ശിശുക്കളായ സ്കോട്ട്ലാന്‍റ് അട്ടിമറിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ സ്കോട്ട്ലാന്‍റിലാണ് സംഭവം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ചണ്ഡീമലും കപുഗേന്ദ്രയും കൗശിക് പെരേരയുമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ചണ്ഡീമല്‍ 79ഉം കപുഗേന്ദ്ര 71ഉം പെരേര 57ഉം റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇവാസും വൈറ്റിംഗ്ഹാമുമാണ് സ്‌കോട്ടിഷ് ബൗളിംഗില്‍ തിളങ്ങിയത്. സോളെ രണ്ട് വിക്കറും ലാഗെ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ടീഷ് ടീം, എയ്ഞ്ചലോ മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ടീമിനെ ക്രോസും, കോട്ടസെറും നേടിയ സെഞ്ച്വറികളുടെ മികവില്‍ തോല്‍പ്പിച്ചു. ഏഴ് വിക്കറ്റിനാണ് സ്‌കോട്ട്‌ലന്‍ഡിന്‍റെ വിജയം. ക്രോസ് 106 റണ്‍സും, കോട്ടസെര്‍ 118 റണ്‍സുമാണ് അടിച്ചത്. കോട്ടസെര്‍ 84 പന്തില്‍ 15 ഫോറും നാല് സിക്‌സും സഹിതമായിരുന്നു 118 റണ്‍സ് നേടിയത്. 

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ 12ല്‍ ഇടംപിടിക്കാത്ത ടീമാണ് സ്‌കോട്ടലന്‍ഡ്. ശ്രീലങ്കയാകട്ടെ ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. 2015 ലോകകപ്പില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 148 റണ്‍സിന് ശ്രീലങ്ക ജയിച്ചിരുന്നു.