മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ റയൽ മാഡ്രിഡിന് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയം. മൂന്നാം സ്ഥാനക്കാരായി മത്സരം തുടങ്ങിയ സെവിയയെ ആണ് റയൽ തോൽപ്പിച്ചത്. 78-ാം മിനിറ്റില്‍ കാസിമെറോയും ഇഞ്ചുറി ടൈമില്‍(90+2) മോഡ്രിച്ചും ഗോള്‍ നേടി. 

ജയത്തോടെ സെവിയയെ പിന്തള്ളി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 20 കളിയിൽ റയലിന് 36 പോയിന്‍റും സെവിയ്യക്ക് 33 പോയിന്‍റ് വീതമുണ്ട്. മത്സരത്തില്‍ 70 ശതമാനം സമയവും റയലാണ് പന്ത് കൈവശം വച്ചത്. 43 പോയിന്‍റുള്ള ബാഴ്സലോണ ആണ് സീസണില്‍ മുന്നിൽ. 

മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. വെസ്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ലൂക്കാസ്, സാന്റിയാഗോ കോക്കെ എന്നിവർ അത്ലറ്റിക്കോക്കായി ലക്ഷ്യം കണ്ടു. ഇന്ന് രാത്രി 1.15ന് ലെഗാനസിനെ ബാഴ്‌സ നേരിടും.