രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം പാഴാക്കി റയൽ മാഡ്രിഡ്. ജിറോണയോട് ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ പരാജയപ്പെട്ടു. 

മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം പാഴാക്കി റയൽ മാഡ്രിഡ്. ഇരുപത്തിനാലാം റൗണ്ടിൽ ജിറോണ ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോൽപിച്ചു. ക്യാപ്റ്റൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ കാസിമിറോയുടെ ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് റയലിന്‍റെ തോൽവി. ഇരുപത്തിയഞ്ചാം മിനിറ്റിലായിരുന്നു കാസിമിറോയുടെ ഗോൾ. 

സ്റ്റുവാനി, മൻസാനെറ എന്നിവരുടെ ഗോളുകളിലൂടെയാണ് ജിറോണ തിരിച്ചടിച്ചത്. ജിറോണയുടെ ആദ്യ ഗോളും റാമോസിന്‍റെ പിഴവിൽ നിന്നായിരുന്നു. ഇഞ്ചുറി ടൈമിലാണ് റാമോസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. 45 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് റയൽ. 27 പോയിന്‍റുള്ള ജിറോണ പതിനഞ്ചാം സ്ഥാനത്താണ്. 54 പോയിന്‍റുള്ള ബാഴ്സലോണ ഒന്നും 47 പോയിന്‍റുള്ള അത്‍ലറ്റിക്കോ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്.