മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ ഇന്ന് എസ്‌പാനിയോളിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടേമുക്കാലിനാണ് കളി തുടങ്ങുക. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്‍റ് മുന്നിലാണ് ബാഴ്‌സലോണ. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ നാലാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെ 17-ാം സ്ഥാനത്തുള്ള ലെവാന്‍ഡെ സമനിലയില്‍ തളച്ചിരുന്നു. 

ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം റയലിന് നഷ്ടമായി‍. റയലിന് വേണ്ടി റമോസും ഇസ്കോയും ഗോള്‍ നേടിയപ്പോള്‍ ബോട്ടെങും പാസിനിമാണ് ലവാന്‍ഡെയുടെ ഗോളുകള്‍ കുറിച്ചത്. എണ്‍പത്തിയൊന്‍പതാം മിനുറ്റിലായിരുന്നു ലെവാന്‍ഡെ സമനില നേടിയത്. സീസണില്‍ 39 പോയിന്റുള്ള റയല്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.