മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംറ. യോര്‍ക്കറുകളും വേഗ നിയന്ത്രണവും കൊണ്ട് എതിരാളികളെ കറക്കിയ ബൂംറ മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് കൊയ്തിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരത്തിന് ആശംസാപ്രവാഹത്തിനിടെ ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് യോര്‍ക്കറുകളുടെ രാജാവായ ശ്രീലങ്കന്‍ താരം ലസിത് മലിംഗ.
ദക്ഷിണാഫ്രിക്കയ്ക്കയില്‍ ബൂംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയതില്‍ സന്തോഷമുണ്ട്. ഇനി 10 വര്‍ഷത്തോളം പരിക്കേല്‍ക്കാതെ ടെസ്റ്റ് കളിക്കാന്‍ ബൂംറയ്ക്ക് സാധിക്കട്ടെ. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി താരം ടെസ്റ്റ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. സമ്മര്‍ദ്ധ ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ബംറയ്ക്ക് നന്നായി അറിയാം. സഹതാരങ്ങളില്‍ നിന്നും സീനിയര്‍ താരങ്ങളില്‍ നിന്നും ബൂംറ വളരെയേറെ പഠിച്ചെന്നും മലിംഗ ഹിന്ദുസ്ഥാന് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബൂംറ ഫിറ്റ്നെസ് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് മലിംഗ ഓര്‍മ്മിപ്പിച്ചത്. ടെസ്റ്റ് താരങ്ങളെ സംബന്ധിച്ച് ഫിറ്റ്നസ് നിലനിര്‍ത്തുക അതിനിര്‍ണായകമാണ്. കൂടുതല്‍ ഓവറുകള്‍ പന്തെറിയേണ്ടിവരും എന്നതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ടെസ്റ്റില്‍ കൂടുതലാണ്. പരിക്കുമൂലം 2011ല്‍ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിച്ച മലിംഗ ഐപിഎല്ലില്‍ ബൂംറ അംഗമായ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് പരിശീലകനാണ്.
