ടെസ്റ്റ് റാങ്കിംഗ്; സ്റ്റാര്‍ക്കിനും മര്‍ക്രാമിനും നേട്ടം; അശ്വിന് നിരാശ

First Published 6, Mar 2018, 5:52 PM IST
latest icc test rankings
Highlights
  • ബൗളര്‍മാരില്‍ അശ്വിന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി

ദുബായ്: പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എയ്ഡന‍്‍ മര്‍ക്രാമിനും നേട്ടം. ദക്ഷിണാഫ്രിക്ക‍‍-ഓസീസ് ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. ഡര്‍ബന്‍ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് പിഴുത സ്റ്റാര്‍ക് അഞ്ചാമതെത്തിയപ്പോള്‍ രണ്ടിന്നിംഗ്സിലുമായി 175 റണ്‍സെടുത്ത മര്‍ക്രാം 28 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി പത്തൊന്‍പതിലെത്തി. 

ബാറ്റ്സ്മാന്‍മാരില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതും ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് മൂന്നാം സ്ഥാനത്തുമാണ്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് നാലാം സ്ഥാനത്ത്. ആറാമതുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഡര്‍ബന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സെടുത്ത എബിഡി ഒരു സ്ഥാനം മെച്ചപ്പെടുത്തി പന്ത്രണ്ടാമതെത്തിയിട്ടുണ്ട്. 

ബൗളര്‍മാരില്‍ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണ്‍, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ, ഇന്ത്യന്‍ താരം രവീന്ദ്ര ജഡേഡ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. എന്നാല്‍ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി ആറാമതായി. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ താരങ്ങളായ ജഡേജ രണ്ടാമതും അശ്വിന്‍ മൂന്നാമതുമുണ്ട്. 
 

loader