മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നടത്തിയ വാമോസ് ലിയോ മത്സരത്തില്‍ വിജയിച്ചതാണ് സമ്മാനം ലഭിക്കാന്‍ കാരണം

കൊച്ചി: റഷ്യയില്‍ അരങ്ങുതകര്‍ത്ത ലോകകപ്പിനിടെ മലയാളികളുടെ ആരാധനയും ശ്രദ്ധേയമായിരുന്നു. കൊച്ചിയിലെ ചെല്ലാനത്ത് ഉയര്‍ന്ന മെസിയുടെ 35 അടി ഉയരമുള്ള കട്ടൗട്ട് വലിയ തോതില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. സാക്ഷാല്‍ മെസി തന്നെ കട്ടൗട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ക്ക് സമ്മാനമായി താന്‍ ഒപ്പിട്ട ഫുട്ബോള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാല്‍ കൊറിയർ കമ്പനി രേഖകള്‍ വേണമെന്ന നൂലാമാലകള്‍ പറഞ്ഞതോടെ പന്ത് കൈവിട്ടുപോകുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ കടമ്പകളും കടന്ന് മെസി ഒപ്പിട്ട ആ പന്ത് ചെല്ലാനത്തെ ചെറുപ്പക്കാരുടെ കയ്യില്‍ എത്തി.

മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നടത്തിയ വാമോസ് ലിയോ മത്സരത്തിൽ 35 അടി ഉയരുമുള്ള മെസിയുടെ കട്ടൗട്ട് നിർമിച്ച ചെല്ലാനത്തെ ചെറുപ്പക്കാർക്കു സമ്മാനമായി സ്‌‌‌പെയ‌്‌‌നിൽനിന്നും അയച്ച പന്താണ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്ന പേരിൽ എറണാകുളം മുല്ലശേരി കനാൽ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ സ്ഥാപനം ഡെലിവറി നിഷേധിച്ചത്.

കൊറിയർ കമ്പനി ആവശ്യപ്പെട്ടിരിക്കുന്ന രണ്ട് യൂറോ കസ്റ്റസ് ഡ്യൂട്ടി പന്ത് അയച്ചുകൊടുത്ത ബാഴ്സലോണ ക്ലബ് അടച്ചിട്ടും പന്ത് വിട്ടുകൊടുക്കാത്തതോടെ ചെല്ലാനത്തുകാർ ഡെലിവറി സ്ഥാപനം ഉപരോധിച്ചു. ഒടുവില്‍ നൂലാമാലകളെല്ലാം കഴിഞ്ഞ് പന്ത് ചെല്ലാനത്ത് എത്തിയതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.