ബാഴ്‌സലോണ: സെവിയ്യക്കെതിരെ ഗോള്‍ നേടിയില്ലെങ്കിലും ലിയോണല്‍ മെസിക്ക് ചരിത്രനേട്ടം. ബാഴ്‌സലോണ ജഴ്‌സിയില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് മെസി. 767 മത്സരങ്ങള്‍ കളിച്ച സാവിയും 642 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇനിയസ്‌റ്റയുമാണ് മെസിക്ക് മുന്നിലുള്ളത്. എന്നാല്‍ 600 മത്സരങ്ങളില്‍ 523 തവണ വലകുലുക്കിയ മെസിയാണ് ക്ലബിന്‍റെ ടോപ് സ്കോറര്‍. 

മുപ്പതുകാരനായ സൂപ്പര്‍താരം 2004ലാണ് കറ്റാലന്‍ ക്ലബിനായി അരങ്ങേറ്റം കുറിച്ചത്. ലാ ലിഗയില്‍ ബാഴ്‌സലോണയുടോ ടോപ് സ്കോററാണ് ലിയോണല്‍ മെസി. മെസി കളത്തിലിറങ്ങിയ 426 മത്സരങ്ങളില്‍ കറ്റാലന്‍ ക്ലബ് വിജയിച്ചപ്പോള്‍ 69 എണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. എട്ട് ലാ ലിഗ കിരീടവും നാല് ചാമ്പ്യന്‍സ് ട്രോഫിയുമടക്കം 30 കിരീടങ്ങള്‍ മെസിക്കൊപ്പം ബാഴ്‌സലോണ നേടിയിട്ടുണ്ട്.