ബ്യൂണസ് അയേഴ്സ്: വിരമിക്കല്‍ തീരുമാനം മാറ്റി അര്‍ജന്റൈന്‍ ടീമിലേക്ക് തിരിച്ചെത്തിയ ലയണല്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറ‍ഡോണ. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച മെസ്സിയുടെ നടപടി നാടകമായിരുന്നുവെന്ന് മറഡോണ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം മെസ്സി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ രാജ്യാന്തര ഫുട്ബോളിന് മെസ്സിയെ വേണമെന്ന് പറഞ്ഞ മറഡോണ, അര്‍ജന്റൈന്‍ താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് മലക്കം മറിഞ്ഞത്.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയ്ക്കെതിരായ ഷൂട്ടൗട്ട് തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ഒരു മാസം കഴിയുമ്പോഴേക്കും തീരുമാനം പിന്‍വലിക്കുകയും ചെയ്ത മെസ്സിയുടെ നടപടി സംശയാസ്‌പദമാണെന്ന് മറഡോണ പറഞ്ഞു. മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം പോലും ഒരു നാടകമായിരുന്നു. തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ തോറ്റതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മെസ്സി നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും മറഡോണ തുറന്നടിച്ചു.

തരംകിട്ടുമ്പോഴൊക്കെ തന്നെ കുത്തുന്ന മറഡോണയുടെ പുതിയ വിമര്‍ശനത്തെ കുറിച്ച് മെസ്സി പ്രതരികരിച്ചിട്ടില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അടുത്ത മാസം ഒന്നിന് ഉറുഗ്വേക്കും ആറിന് വെനസ്വേലയക്കമെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലും മെസ്സി അര്‍ജന്റീനയ്ക്കായി കളിക്കുമെന്നാണ് സൂചന.