പരിക്ക് ഭേദമായി ലിയോണല്‍ മെസി തിരിച്ചെത്തുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍റര്‍ മിലാനെതിരായ മത്സരത്തില്‍ കളിക്കുമെന്ന് സൂചന. എന്നാല്‍ മിലാനിലെ അവസാന...

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി പരിക്ക് ഭേദമായി തിരിച്ചുവരുന്നു. നാളെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍റര്‍ മിലാനെതിരായ ബാഴ്സലോണയുടെ മത്സരത്തില്‍ മെസി കളിച്ചേക്കുമെന്ന് പരിശീലകന്‍ ഏണസ്റ്റോ വല്‍വര്‍ദേ പറഞ്ഞു. 

തൊട്ടുപിന്നാലെ മെസിയെ ഇന്‍ററിനെതിരായ ടീമിൽ ഉള്‍പ്പെടുത്തി ബാഴ്സ വാര്‍ത്താക്കുറിപ്പ് ഇറക്കി. അതേസമയം മിലാനിലെ അവസാന വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ മെസി കളിക്കുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. ബുധനാഴ്ച മെസി പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഒക്ടോബര്‍ 20ന് സെവ്വിയക്കെതിരായ മത്സരത്തിനിടെ വലതുകൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് മെസി വിശ്രമത്തിലാണ്.

മെസിയില്ലാതെ ഇറങ്ങിയ അവസാന മൂന്ന് മത്സരത്തില്‍ ബാഴ്സലോണ ജയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ബാഴ്സ ഒന്നാമതും ഇന്‍റര്‍ രണ്ടാം സ്ഥാനത്തുമാണ്.