ബാഴ്സിലോന: ഇന്ന് സ്പാനിഷ് ലീഗിൽ  അത്‍ലറ്റികോ മാഡ്രിഡിനെ നേരിടാനിറങ്ങുമ്പോള്‍ ബാഴ്സലോണയുടെ സൂപ്പര്‍താരം ലിയോണൽ മെസ്സിക്ക് മുന്നിലുള്ളത് ഒരപൂര്‍വ്വ റെക്കോര്‍ഡ്. ബാഴ്സക്കൊപ്പം 400 വിജയങ്ങളെന്ന ചരിത്രനേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത് . ബാഴ്സ കുപ്പായത്തിൽ നാനൂറം ജയം.  കളിക്കളത്തിലെ ഇഷ്ട എതിരാളികളായ അത്‍ലറ്റികോക്കെതിരെ ഇറങ്ങുന്പോൾ മെസ്സിയെ മോഹിപ്പിക്കുന്നത് ഈ നേട്ടമായിരിക്കും. കിരീടപോരാട്ടത്തിൽ പിന്നോട്ട് പോകാതിരിക്കാൻ അത്‍ലറ്റികോയോടെ ജയിച്ചേ തീരൂ എന്നുകൂടിയാകുന്പോൾ ആ ജയത്തിന് മധുരവും കൂടും.  

2004 ൽ എസ്പാനിയോളിനെതിരെ  തുടങ്ങിയ ലിയോ ഇതുവരെ ബാഴ്സക്കായി കളിച്ചത് 565 കളികൾ . ഇതിൽ 399ലും ജയം. 102 തവണ സമനില വഴങ്ങിയപ്പോൾ 64 തവണ തലകുനിച്ച് മടങ്ങേണ്ടി വന്നു. 399ൽ 276 ജയങ്ങൾ ലാലീഗയിലാണ്. ചാംപ്യൻസ് ലീഗിൽ 66, കോപ്പ ഡെൽ റെയിൽ 42, സ്പാനിഷ് സൂപ്പര്‍കപ്പിൽ 8, യുവേഫ സൂപ്പര്‍ കപ്പിൽ മൂന്ന്.

ക്ലബ് ലോകകപ്പിൽ 5 തവണയും മെസ്സി  ബാഴ്സയോടൊപ്പം ജയിച്ചു. 29 കിരീടങ്ങളാണ് മെസ്സി ബാഴ്സക്കായി നേടിക്കൊടുത്തത്. 487 ഗോളുകളോടെ ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും മെസ്സി തന്നെ.  അര്‍ജന്‍റീനക്കാരനായ മെസ്സിക്ക് മാതൃനാടിനേക്കാൾ കൂറ്  ബാഴ്സയോടെന്നാണ് എല്ലാ കാലത്തുമുള്ള വിമര്‍ശനം.  ക്ലബിനായി കപ്പുകൾ വാരിക്കൂട്ടുന്പോഴും രാജ്യത്തിനായി ഒരു കിരീടം പോലും നേടാൻ മെസ്സിക്കാവുന്നില്ലെന്നതാണ് വിമര്‍ശകരെ ചൊടിപ്പിക്കുന്നത്. എന്നാൽ ബാഴ്സയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ നാം ഇന്നുകാണുന്ന മെസ്സി ഉണ്ടാവുമായിരുന്നില്ല. 

ബാഴ്സയെ ആരാധകരുടെ ഇഷ്ട ക്ലബാക്കി മാറ്റിയതിൽ മെസ്സിയുടെ പങ്കും ചെറുതല്ല. ഇങ്ങനെ ബാഴ്സയും മെസ്സിയും പരസ്പരപൂരകങ്ങളായി വാഴാൻ തുടങ്ങിയിട്ട്  ഒന്നരപതിറ്റാണ്ടാവുന്നു. മെസ്സി ബാഴ്സയിൽ കരിയറവസാനിപ്പിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആഗ്രഹം.അങ്ങനെയെങ്കിൽ ബാഴ്സക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന സാവി ഹെര്‍ണാണ്ടസിന്‍റെ റെക്കോര്‍ഡും മെസിക്ക് മുന്നിൽ വഴിമാറും.