ബ്യൂണസ്അയേഴ്സ്: ഈ വര്‍ഷം അര്‍ജന്റീന ജേഴ്സിയില്‍ മെസിയെ കാണാന്‍ ആരാധകര്‍ക്കാവില്ല. ഈ വര്‍ഷം നടക്കുന്ന അര്‍ജന്റീനയുടെ നാലോളം സൗഹൃദമത്സരങ്ങളില്‍ മെസി കളിക്കില്ലെന്ന് പ്രാദേശി മാധ്യമങ്ങളെ ഉദ്ദരിച്ച് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ ഗ്വാട്ടിമാലക്കും കൊളംബിയക്കുമെതിരായ സൗഹൃദ മത്സരങ്ങളില്‍ മെസി കളിക്കില്ലെന്ന കാര്യം അര്‍ജന്റീനയുടെ താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്കളോനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം നടക്കുന്ന മറ്റ് മത്സരങ്ങളിലും അര്‍ജന്റീനക്കായി മെസി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനുശേഷം ദേശീയ ടീമിനായി എപ്പോള്‍ കളിക്കുന്ന കാര്യത്തില്‍ മെസി ഇതുവരെ മനസുതുറന്നിട്ടില്ല. അടുത്തവര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ താരം ഇനി ദേശീയ ജേഴ്സി അണിയൂ എന്നാണ് മെസിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദേശീയ ടീമിനായി എപ്പോള്‍ കളിക്കുമെന്ന കാര്യത്തില്‍ തീരുമാനം മെസിയാണ് എടുക്കേണ്ടതെന്നും തല്‍ക്കാലം അദ്ദേഹത്തെ അതിന് നിര്‍ബന്ധിക്കാതെ സ്വതന്ത്രമായി വിടണമെന്നും സഹതാരമായ കാര്‍ലോസ് ടെവസ് പ്രതികരിച്ചു. ദേശീയ ടീമിനായി കളിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തുകയും കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രം അദ്ദേഹം കളിക്കുന്നതാവും നല്ലത്. അല്ലാതെ അദ്ദേഹത്തെ നിര്‍ബന്ധിച്ച് കളിപ്പിക്കുന്നതുകൊണ്ട് മെസിക്കും ടീമിനും പ്രയോജനമുണ്ടാവില്ലെന്നും ടെവസ് പ്രതികരിച്ചു.

റഷ്യന്‍ ലോകകപ്പില്‍ ഏറെ പ്രതീക്ഷയുമായി എത്തിയ അര്‍ജന്റീനക്കും മെസിക്കും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് മുന്നില്‍ കാലിടറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയോട് തോല്‍ക്കുകയും ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങുകയും ചെയ്ത അര്‍ജന്റീന അവസാന  മത്സരത്തില്‍ നൈജീരിയയെ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.