ബ്രിസ്റ്റോൾ: വനിതാ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം ഓസീസ് 29 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസ് ലക്ഷ്യത്തിലെത്തിയത്. സ്കോർ: ഇന്ത്യ- 226/7 (50), ഓസ്ട്രേലിയ- 227/2 (45.1). ജയത്തോടെ ഓസീസ് സെമിയിലെത്തി.
അർധസെഞ്ചുറികളുമായി പുറത്താകാതെനിന്ന മെഗ് ലാന്നിംഗും (76), എല്ലിസി പെറിയുമാണ് (60) ഓസീസ് വിജയശിൽപ്പികൾ. ഓപ്പണേഴ്സായ നിക്കോളി ബെൽട്ടണും (36), ബെത് മൂണിയും (45) ചേർന്ന് ഒരുക്കിയ മികച്ച അടിത്തറയിലാണ് ലാന്നിംഗും പെറിയും വിജയശിൽപം മെനഞ്ഞത്.
നേരത്തെ ഓപ്പണർ പുനം റൗത്തും (106), ക്യാപ്റ്റൻ മിഥാലി രാജുമാണ് (67) ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. സ്മൃതി മന്ദാന 10 പന്തിൽ മൂന്ന് റൺസുമായി തിരിച്ചുകയറി.
ഒമ്പത് റണ്‍സെടുക്കുന്നതിനിടെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഇതോടെ ക്രീസിൽ ഒത്തു ചേർന്ന റൗത്തും ക്യാപ്റ്റനും ഇന്ത്യൻ സ്കോറിനെ മെല്ലെ കൈപിടിച്ചുയർത്തി. ഈ സഖ്യം 166 റൺസിനാണ് പിരിഞ്ഞത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 37.1 ഓവറില്‍ 157 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മിഥാലി വീണതിനു ശേഷം റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ റൗത്തും പുറത്തായി. ഇതോടെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു. ഹർമൻപ്രീത് കൗർ (23) മാത്രാണ് അവസാന ഓവറിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 17 റണ്‍സെടുക്കുന്നതിനിടയിലാണ് ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടമായത്. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് സെമിഫൈനലിലെത്താമായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലന്‍ഡിനെതിരെയാണ്.
