പല്ലേക്കേല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയത്തിന് പിന്നില്‍ ധോണിക്ക് ലഭിച്ചൊരു മഹാഭാഗ്യവും കാരണമാണ്. മധ്യനിരയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടശേഷം വാലറ്റക്കാകരനായ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ധോണി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു നാടകീയമായ സംഭവം.

വിശ്വ ഫെര്‍ണാണ്ടോ എറിഞ്ഞ മുപ്പത്തിയഞ്ചാം ഓവറിലെ മൂന്നാം പന്ത് ധോണി പ്രതിരോധിച്ചു. എന്നാല്‍ ധോണിയുടെ ബാറ്റിനും കാലിനും ഇടയിലൂടെ ഉരുണ്ട് നീങ്ങിയ പന്ത് വിക്കറ്റില്‍ കൊണ്ടു. എന്നിട്ടും ബെയിലിളകുകയോ ബെയില്‍സിലെ എല്‍ഇഡി ലൈറ്റുകള്‍ തെളിയുകയോ ചെയ്തില്ല. സ്റ്റംപ്സ് മൈക്രോ ഫോണില്‍ പന്ത് വന്ന് സ്റ്റമ്പില്‍ തട്ടുന്നതിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു.

29 റണ്‍സായിരുന്നു അപ്പോള്‍ ധോണിയുടെ സമ്പാദ്യം. ഇന്ത്യക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടത് 60 റണ്‍സും. എന്തായാലും പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും പുറത്താകാതിരുന്ന ധോണി ഇന്ത്യയെ ജയിപ്പിച്ചേ മടങ്ങിയുള്ളൂ. ആ സമയം ധോണിയുടെ വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ വിജയതീരത്തെത്തില്ലായിരുന്നു. ഫിനിഷര്‍ എന്ന നിലയില്‍ ധോണി എത്രമാത്രം പ്രധാനപ്പെട്ടതാണ് ഇന്ത്യക്കെന്ന് തെളിയിക്കുന്നതായി ഈ മത്സരത്തിലെ ധോണിയുടെ പ്രകടനം.