മോഡ്രിച്ചിന് പെരസിട്ട വിലയില്‍ ഞെട്ടി ഫുട്ബോള്‍ ക്ലബുകള്‍. 750 മില്യണ്‍ യൂറോ നല്‍കാതെ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടില്ലെന്ന് പെരസ്. നിലവിലെ ട്രാന്‍സ്‌ഫര്‍ റെക്കോര്‍ഡ് തുകയുടെ മൂന്നിരട്ടിയിലധികം വരുമിത്. ക്രൊയേഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ക്ലബുകളുടെ വഴിയടയുന്നു.
മാഡ്രിഡ്: ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ക്ലബ് വിടുമെന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ്. റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നല്‍കി മാത്രമേ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ മറ്റ് ക്ലബുകള്‍ക്കാകൂ എന്ന് പെരസ് വ്യക്തമാക്കി. നിലവിലെ ട്രാന്‍സ്‌ഫര്‍ റെക്കോര്‍ഡ് തുകയുടെ മൂന്നിരട്ടിയിലധികം വരുമിത്. മുപ്പത്തിരണ്ടുകാരനായ താരത്തെ മറ്റ് ക്ലബുകള്‍ക്ക് സ്വന്തമാക്കാനാവില്ല എന്ന സന്ദേശമാണ് പെരസ് നല്‍കിയത്.
ഇതോടെ താരത്തെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്ന ക്ലബുകളുടെ പ്രതീക്ഷകള്‍ മങ്ങുകയാണ്. ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനാണ് മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നവരില്‍ പ്രമുഖര്‍. നിലവില്‍ 2020വരെ താരത്തിന് സ്‌പാനിഷ് ക്ലബുമായി കരാറുണ്ട്. 2012 മുതല്‍ മാഡ്രിഡിലുള്ള മോഡ്രിച്ച് 166 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച താരം ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും മോഡ്രിച്ച് പേരിലാക്കി.
