ക്രൊയേഷ്യന്‍ മിഡ്ഫീള്‍ഡര്‍ മോഡ്രിച്ച് ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി റയല്‍ പരിശീലകന്‍. മോഡ്രിച്ച് റയലില്‍ തുടരുമെന്ന് തനിക്ക് ഉറപ്പുള്ളതായി ലോപെറ്റെഗി.
മാഡ്രിഡ്: ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹൂലെന്‍ ലോപെറ്റെഗി. സീരിസ് എ വമ്പന്‍മാരായ ഇന്‍റര്‍ മിലാനിലേക്ക് മോഡ്രിച്ച് കളംമാറുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതിന് പിന്നാലെയാണ് താരം റയല്‍ വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. ലോകകപ്പിലെ മികച്ച താരത്തിനുളള പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു.

റയല്‍ മാഡ്രിഡില്‍ കളിക്കുന്നതില്‍ മോഡ്രിച്ചിന് സന്തോഷമേയുണ്ടാകൂ. ലൂക്കാ റയല്‍ താരമാണ്, അദേഹം ഇവിടെ തുടരുമെന്ന കാര്യത്തില്‍ തനിക്ക് സംശയങ്ങളില്ല. അമ്പത്തിയൊന്നുകാരനായ മാനേജര്‍ പറഞ്ഞതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2012ല്‍ സ്‌പാനിഷ് ടീമിനൊപ്പം ചേര്‍ന്ന മോഡ്രിച്ച്, ടോണി ക്രൂസിനൊപ്പം ടീമിലെ പ്രധാന മിഡ്ഫീള്‍ഡറായി മാറുകയായിരുന്നു. റയലിന്‍റെ തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ മോഡ്രിച്ചും പങ്കാളിയായിരുന്നു.
