മുംബൈ: കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഴയില്‍ മുംബൈ നഗരം പ്രളയഭീതിയിലാണ്. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ പലവഴികളും നോക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ലാറ ദത്ത പരീക്ഷിച്ചത് അല്‍പം വ്യത്യസ്തമായ വഴിയാണ്. വീട്ടിലേക്ക് മഴവെള്ളം കയറാതിരിക്കാനായി ടവലുകള്‍ ഉപയോഗിച്ച് വീടിന്റെ ചില്ലുവാതിലുകള്‍ക്ക് താഴെ ചേര്‍ത്തുവെച്ച് അടച്ചു.
അതൊന്നും വെറും ടവലുകളായിരുന്നില്ല. മഹേഷ് ഭൂപതി വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലുമെല്ലാം മത്സത്തിനിടെ ഉപയോഗിച്ചവയായിരുന്നു അത്. അതിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ടവലുകള്‍ കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടായി എന്നൊരു കമന്റും കൂട്ടത്തിലിട്ടു.
ഈ സമയം പുറത്തായിരുന്ന ഭൂപതി നല്‍കിയ മറുപടിയാകട്ടെ, നീ എന്താ എന്നെ കളിയാക്കുകയാണോ, വര്‍ഷങ്ങള്‍ വിയര്‍പ്പൊഴുക്കി നേടിതയാണ് അതൊക്കെ എന്നായിരുന്നു.
ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസ താരമായ ഭൂപതി നാല് ഗ്രാന്‍സ്ലാം കിരിടങ്ങളടക്കം മിക്സഡ് ഡബിള്‍സില്‍ എട്ട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
