ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തളയ്‌ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുമായില്ല. എതിരില്ലാത്ത ഒരു ഗോളിന് അതിഥികളെ തുരത്തിയ ലിവര്‍പൂള്‍ ലീഗില്‍ നില ഭദ്രമാക്കി. എട്ടാം മിനുട്ടില്‍ ആദം ലല്ലാനയുടെ ക്രോസിന് തലവെച്ച് ജോര്‍ജിനിയോ വിജിനാല്‍ഡമാണ് ചെമ്പയ്‌ക്കായി ഗോള്‍ നേടിയത്. സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നത് പോലെയായിരുന്നില്ല മത്സരം. ഇരുടീമുകളും ജയത്തിനായി പൊരുതിയതോടെ നിരവധി അവസരങ്ങള്‍ തുറന്നു.

തുടര്‍ ജയങ്ങളുമായി റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ചെല്‍സി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെ തകര്‍ത്തു. വില്ല്യന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് മിന്നും ജയം സമ്മാനിച്ചത്. ഡീഗോ കോസ്റ്റയും ഗാരി കാഹിലുമാണ് ചെല്‍സിയുടെ മറ്റ് ഗോളുകള്‍ നേടിയത്. 49 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ചെല്‍സി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡില്‍സ്ബ്രോയെ തോല്‍പിച്ചു. ആന്‍റണി മാര്‍ഷ്യല്‍, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ്ഹാമിനെയും തോല്‍പിച്ചു.