2014ന് ശേഷം ഓൾഡ് ട്രാഫോർഡിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ലിവ‍ർപൂൾ ഇറങ്ങുന്നത്. ലിവർപൂളിനെതിരായ അവസാന ഒൻപത് ഹോം മത്സരങ്ങളിൽ ഏഴിലും യുണൈറ്റഡ് ജയിച്ചിരുന്നു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. മാഞ്ചസ്റ്റർ വൈകിട്ട് ഏഴരയ്ക്ക് ലിവർപൂളിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ലീഗിൽ ലിവ‍ർപൂൾ രണ്ടാം സ്ഥാനത്തും യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്.

ഇന്ന് ജയിക്കാനായാല്‍ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗിലെ ഒന്നാം സ്ഥാനത്തെത്താം എന്ന പ്രതീക്ഷയോടെയാണ് ലിവർപൂൾ ബൂട്ടുകെട്ടുന്നത്. ഗോളി ഡേവിഡ് ഡിഹിയ തിരിച്ചെത്തുന്നത് യുണൈറ്റഡിന് കരുത്താവും. 2014ന് ശേഷം ഓൾഡ് ട്രാഫോർഡിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ലിവ‍ർപൂൾ ഇറങ്ങുന്നത്. ലിവർപൂളിനെതിരായ അവസാന ഒൻപത് ഹോം മത്സരങ്ങളിൽ ഏഴിലും യുണൈറ്റഡ് ജയിച്ചിരുന്നു.

മറ്റൊരു മത്സരത്തിൽ ആഴ്സണൽ സതാംപ്ടണെ നേരിടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടിൽ ഏഴരയ്ക്കാണ് പോരാട്ടം തുടങ്ങുക. ആഴ്സണൽ അഞ്ചാം സ്ഥാനത്തും തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സതാംപ്ടൺ പതിനെട്ടാം സ്ഥാനത്തുമാണ്.