സി കെ വിനീതിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ പുറത്തുപോയത് തങ്ങളുടെ വാട്‌‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട്. സന്ദേശങ്ങളും പോസ്റ്റുകളും പിൻവലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാൽ പരാതി പിൻവലിക്കാമെന്ന് വിനീത്...

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സി കെ വിനീതിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ പുറത്തുപോയത് തങ്ങളുടെ വാട്‌‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ സന്ദേശങ്ങളും പോസ്റ്റുകളും പിൻവലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാൽ പരാതി പിൻവലിക്കാമെന്ന് വിനീത് അറിയിച്ചു.

കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിൻ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാട്‌‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സിന്‍റെ മുൻ താരം കൂടിയായ വിനീത് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അപകീ‍ർത്തികരമായ ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്സിക്യൂട്ടീവ് വാട്‌‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചത്. 

മഞ്ഞപ്പട എക്സിക്യൂട്ടീവ് വാട്‌‌സ്‌ആപ്പ് ഗ്രൂപ്പിലെ രണ്ടുപേരാണ് പൊലീസിന് മൊഴി നൽകിയത്. 'താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെയല്ല പരാതി നല്‍കിയത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ശബ്‌ദസന്ദേശത്തിനെതിരെയായിരുന്നു തന്‍റെ പരാതി. തനിക്കെതിരെ വന്ന അപകീർത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിൻവലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാൽ പരാതി പിൻവലിക്കാമെന്നും' വിനീത് പൊലീസിനെ അറിയിച്ചു. നേരത്തേ, വിനീതിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗ്രൗണ്ടിൽ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും മാച്ച് റഫറി ദിനേഷ് വ്യക്തമാക്കിയിരുന്നു.