ഭുബനേശ്വര്‍: ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് 6 മെഡല്‍. വനിതകളുടെ ഷോട്ട് പുട്ടില്‍ ഒന്നാമതെത്തി മന്‍പ്രീത് കൗര്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു. 18.28 മീറ്റര്‍ എറിഞ്ഞാണ് മന്‍പ്രീത് സ്വര്‍ണ്ണം കൊയ്തത്. പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി ലക്ഷമണനും സ്വര്‍ണ്ണം നേടി.

വനിതകളുടെ ലോംഗ് ജംപില്‍ മലയാളി താരങ്ങളായ വി നീന വെള്ളിയും നയന ജയിംസ് വെങ്കലവും നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ സഞ്ജീവനി യാദവ് വെങ്കലം നേടി. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി വികാസ് ഗൗഡയാണ് ഇന്ത്യയുടെ മെഡല്‍വേട്ട തുടങ്ങിവെച്ചത്. 60.81 മീറ്റര്‍ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡല്‍ പ്രകടനം. മൂന്നാം സ്ഥാനത്തായതോടെ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നതില്‍ വികാസ് പരാജയപ്പെട്ടു.

ഈ ഇനത്തില്‍ ഇറാന്റെ എഹ്സാന്‍ ഹദാദി സ്വര്‍ണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു. പിന്നാലെ വനിതാ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണ്ണവും സമ്മാനിച്ചു. മന്‍പ്രീത് കൗര്‍, അടുത്ത മാസത്തെ ലണ്ടന്‍ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാനും യോഗ്യത നേടി.