എനിക്ക് മെസിയെ നന്നായി അറിയാം. തന്‍റെ അടുത്ത സുഹൃത്താണ്. ലോകത്തെ മികച്ച താരമാണയാള്‍. 20 തവണ ശുചിമുറിയില്‍ പോകുന്നവന്‍ എന്ന് പറഞ്ഞപ്പോള്‍ മെസിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല എന്ന് നീളുന്നു മറഡോണയുടെ പുതിയ വാദങ്ങള്‍. 

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഇതിഹാസ താരം മറഡോണയുടെ തിരുത്ത്. മെസിയെ പേടിത്തൊണ്ടനെന്നും മോശം നായകനെന്നും കഴിഞ്ഞ വാരം വിമര്‍ശിച്ച മറഡോണ ഇപ്പോള്‍ പറയുന്നത് ലിയോ ലോകത്തെ മികച്ച താരമെന്നാണ്. 

അര്‍ജന്‍റീനയ്ക്കായി കളിക്കുമ്പോഴും ബാഴ്‌സയില്‍ ബൂട്ടണിയുമ്പോഴും രണ്ട് മെസിയെയാണ് കാണുന്നത്. നായനെന്ന നിലയില്‍ മെസി വലിയ പരാജയമാണ്. മത്സരത്തിന് മുന്‍പ് 20 തവണ ശുചിമുറിയില്‍ പോകുന്നയാളാണ് മെസിയെന്നും മറഡോണ നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ 20 തവണ ശുചിമുറിയില്‍ പോകുന്നവന്‍ എന്ന് പറഞ്ഞപ്പോള്‍ മെസിയെ പരാമര്‍ശിച്ചിരുന്നില്ല എന്നാണ് മറഡോണയുടെ പുതിയ വാദം. 

വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. മെസിയെയും തന്നെയും തെറ്റിക്കാനുള്ള ചിലരുടെ ശ്രമം നടക്കില്ല. ലിയോണല്‍ മെസിയുമായുള്ള സൗഹൃദം അവര്‍ എഴുതിയതിനും അപ്പുറമാണ്. മെസിയാണ് ലോകത്തെ ഏറ്റവും മികച്ച താരം. മെസിയെ ദൈവമാക്കുന്നത് അവസാനിപ്പിക്കുക. അര്‍ജന്‍റീനയില്‍ നിന്നുള്ള മറ്റൊരു താരം മാത്രമാണയാള്‍. എന്നാല്‍ മെസി മികച്ച നായകനല്ല എന്ന അഭിപ്രായത്തില്‍ പുതിയ അഭിമുഖത്തിലും മറഡോണ ഉറച്ചുനില്‍ക്കുകയും ചെയ്തു.