മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം നേരത്തെ അറിയാമായിരുന്നുവെന്ന് റയല്‍ മാഡ്രിഡ് താരം മാഴ്‌സലോ. ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് തന്നെ ഇക്കാര്യം റൊണാള്‍ഡോ എന്നോട് പറഞ്ഞിരുന്നുവെന്നും മാഴ്‌സെലോ കൂട്ടിച്ചേര്‍ത്തു. 

മാഴ്‌സലോ തുടര്‍ന്നു... കഴിഞ്ഞ സീസണ്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ നേരിടുന്നതിന് മുമ്പ് പരിശീലനത്തിനിടെയാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം സംസാരിച്ചത്. ആ തുറന്ന് പറച്ചില്‍ എന്നെ ഏറെ വിഷമിപ്പിച്ചു. ഞങ്ങള്‍ ഫൈനലിന് വേണ്ടി ഒരുങ്ങുകയായിരുന്നു. ആ സമയത്ത് അങ്ങനെയൊരു തുറന്ന് പറച്ചില്‍ ഷോക്കായിരുന്നുവെന്നും മാഴ്‌സലോ വ്യക്തമാക്കി.

ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയില്ലെങ്കിലും റയല്‍ 13ാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയായിരുന്നു.