ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഷറപ്പോവ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ്(ഐടിഎഫ്)വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സസ്പെന്‍ഷന്‍ അംഗീകരിക്കുന്നില്ലെന്നും അപ്പീല്‍ പോകുകുമെന്നും അഞ്ചുതവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവ ഫെയസ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ചിലാണ് 29 കാരിയായ ഷറപ്പോവ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മല്‍ഡോനി എന്ന മരുന്ന് ആരോഗ്യകാരണങ്ങളാൽ 2006 മുതല്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷെറപ്പോവയെ മാര്‍ച്ച് 12 മുതല്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഹൃദയസംബന്ധമായ രോഗത്തിനുള്ള മരുന്നാണ് ഷറപ്പോവയ്ക്ക് വിലക്കുവാങ്ങിക്കൊടുത്തത്.

ഈ വർഷം ജനുവരി ഒന്നുമുതലാണ് മരുന്ന് നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ വന്നത്. വിലക്ക് 2016 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നതായി ഐടിഎഫ് അറിയിച്ചു. മരുന്ന് നിരോധിത പട്ടികയിൽ പെടുന്നതാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷറപ്പോവ പ്രതികരിച്ചു. മിൽഡ്രൊണേറ്റ് എന്നപേരിലാണ് ആ മരുന്ന് താൻ അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.