ബംഗലൂരു: കര്‍ണാടക പ്രീമിയര്‍ ലീഗിനിടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ സ്റ്റുവര്‍ട്ട് ബിന്നിയോട് ചോദ്യങ്ങളുമായി അവതാരകയും ഭാര്യയുമായ മയന്തി ലാംഗര്‍. ബംഗലൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ ബെലഗവി പാന്തേഴ്‌സിനെ ബിന്നി വിജയത്തിലേക്ക് നയിച്ചശേഷം നടന്ന സമ്മാനദാനച്ചടങ്ങിലായിരുന്നു അവതാരകയായ മയന്തി മൈക്കുമായി ബിന്നിയ്ക്ക് അടുത്തെത്തിയത്.

46 പന്തില്‍ 87 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബിന്നിയായിരുന്നു കളിയിലെ താരം. സ്റ്റാര്‍ സ്പോര്‍ട്സിലെ ഗ്ലാമര്‍ അവതാരകയാണെങ്കിലും ഇന്ത്യന്‍ താരം കൂടിടായിരുന്ന മയന്തിക്ക് ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ ബിന്നിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടിവന്നിട്ടില്ല. ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത് എങ്ങിനെയായിരുന്നു എന്നായിരുന്നു മയന്തിയുടെ ചോദ്യം. ചോദ്യങ്ങള്‍ക്കുശേഷം ഭര്‍ത്താവിന് അടുത്ത മത്സരത്തില്‍ ആശംസ നേരാനും മയന്തി മറന്നില്ല.

Scroll to load tweet…

ഗ്രൗണ്ടില്‍ ഭാര്യ ഭര്‍ത്താവിനെ അഭിമുഖം നടത്തുന്നത് ഇതാദ്യമായല്ല. 2010ല്‍ ഫുട്‌ബോള്‍ ലോകകപ്പ് വിജയിച്ച ശേഷം സ്‌പെയ്ന്‍ ക്യാപ്റ്റന്‍ ഇകര്‍ കസിയസിനെ കാമുകി സാറ കരബൊനെറൊ അഭിമുഖം നടത്തിയിരുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഭാര്യ ലോറ മക്‌ഗോള്‍ഡ്രിക്കും ഇതുപോലെ അഭിമുഖം നടത്തിയിരുന്നു