ഇതിഹാസ ലങ്കന്‍ ക്രിക്കറ്റര്‍ അര്‍ജുന രണതുംഗ മുംബൈയിലെ ഹോട്ടലില്‍ സിമ്മിംഗ് പൂളിന് സമീപത്തുവെച്ച് അപമാനിച്ചതായി ഇന്ത്യക്കാരിയായ എയര്‍ ഹോസ്റ്റസിന്‍റെ വെളിപ്പെടുത്തല്‍. രണതുംഗ അരക്കെട്ടില്‍ കൈയമര്‍ത്തിയെന്നും മാറിടത്തിന് സമീപത്തുകൂടെ വിരലോടിച്ചെന്നും പരാതി.
മുംബൈ: ചലച്ചിത്ര ലോകത്തിന് പിന്നാലെ കായിക രംഗത്തും മീ ടൂ തുറന്നുപറച്ചിൽ. ശ്രീലങ്കയുടെ മുന്‍ ലോകകപ്പ് നായകന്‍ അര്‍ജുന രണതുംഗ അപമര്യാദയായി പെരുമാറിയെന്ന് ഇന്ത്യക്കാരിയായ എയര്‍ഹോസ്റ്റസിന്‍റെ പരാതി. മുംബൈയിലെ ജൂഹു സെന്‍റര്‍ ഹോട്ടലില്‍ സിമ്മിംഗ് പൂളിന് സമീപത്തുവെച്ച് രണതുംഗ അരക്കെട്ടില്‍ കൈയമര്‍ത്തിയെന്നും മാറിടത്തിന് സമീപത്തുകൂടെ വിരലോടിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ഓട്ടോഗ്രാഫ് വാങ്ങാനായി സുഹൃത്തിനൊപ്പം താരങ്ങളുടെ മുറിയിലെത്തിയപ്പോഴായിരുന്നു സംഭവം.
ഭയന്ന താന്‍ രക്ഷപെടാനായി രണതുംഗയുടെ കാലില്‍ ആഞ്ഞുചവിട്ടിയെന്നും യുവതി പറയുന്നു. സംഭവം ഹോട്ടല്‍ റിസപ്‌ഷനില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വെളിപ്പെടുത്തലിലുണ്ട്. എന്നാല്‍ യുവതി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ സംഭവം നടന്ന തിയതി സൂചിപ്പിച്ചിട്ടില്ല. ലങ്കയ്ക്ക് 1996 ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് രണതുംഗ. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 93 ടെസ്റ്റുകളില്‍ 5105 റണ്‍സും 296 ഏകദിനങ്ങളില്‍ 7456 റണ്‍സും നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രണതുംഗ ഇപ്പോള്‍ ശ്രീലങ്കയിലെ പെട്രോളിയം വിഭവശേഷി വികസനമന്ത്രിയാണ്.

നേരത്തെ ഇന്ത്യന്‍ ബാഡ്മിന്‍റൺ താരം ജ്വാല ഗുട്ട ട്വിറ്ററിലൂടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ താരമായിരിക്കേ താൻ നേരിട്ട മാനസിക പ്രയാസങ്ങളാണ് മീ ടൂ ക്യാമ്പയ്നിലൂടെ ജ്വാല ഗുട്ട വെളിപ്പെടുത്തിയത്. മാനസിക പീഡനമേൽപ്പിച്ചയാളുടെ പേര് വെളിപ്പെടുത്താതെയാണ് ജ്വാല ദുരനുഭവങ്ങൾ ട്വിറ്ററിൽ കുറിച്ചത്. 2006 മുതൽ ഇന്ത്യൻ ടീമിൽ പക്ഷപാതിത്വം നേരിട്ടു. ദേശീയ ചാമ്പ്യനായിട്ടും ടീമിൽ നിന്ന് ഒഴിവാക്കി. പത്തുവർഷത്തോളം ദുരനഭവം ഉണ്ടായി. ഇതോടെയാണ് താൻ കളിനിർത്താൻ തീരുമാനിച്ചതെന്നും അർജുന അവാർഡ് ജേതാവായ ജ്വാല ഗുട്ട പറയുന്നു.
ബാഡ്മിന്‍റൺ ടീമിന്‍റെ മുഖ്യപരിശീലകനായ വ്യക്തിയാണ് തനിക്കെതിരെ തിരിഞ്ഞതെന്നും ജ്വാല വെളിപ്പെടുത്തി. റിയോ ഒളിംപിക്സിന് ശേഷവും ടീമിൽ നിന്ന്
തഴഞ്ഞു. ഡബിൾസ് പങ്കാളികളെ അകറ്റി. റിയോയിൽ ഒപ്പം കളിച്ച താരത്തെ ഭീഷണിപ്പെടുത്തി. രക്ഷിതാക്കളോടും ഇതേ രീതിയിലാണ് അയാൾ പെരുമാറിയതെന്നും ജ്വാല ആരോപിക്കുന്നു. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ജ്വാല ഗുട്ട.
