അമ്പയര്‍മാരുമായി ചര്‍ച്ച നടത്തിയശേഷം ക്രീസില്‍ തുടരാന്‍ മെഹമ്മദുള്ള തീരുമാനിച്ചു. പിന്നീടായിരുന്ന ആന്റി ക്ലൈമാക്സ്.

കൊളംബോ: നാടകീയമായ അവസാന ഓവറില്‍ അമ്പയര്‍ ചതിച്ചിട്ടും ബംഗ്ലാദേശിന് അവിശ്വസനീയ ജയം സമ്മാനിച്ച് മെഹമ്മദുള്ള. അവസാന മൂന്നോവറില്‍ 30 റണ്‍സും അവസാന ഓവറില്‍ 12 റണ്‍സുമായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഉദാന എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ മുസ്തഫിസുര്‍ റഹ്മാന്‍ റണ്ണൗട്ടായതോടെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ അവസാനിച്ചതാണ്. കുത്തി ഉയര്‍ന്ന പന്ത് നോ ബോളായിരുന്നെങ്കിലും അമ്പയര്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി. ഓവറിലെ രണ്ടാമത്തെ ബൗണ്‍സറായിരുന്നു അത്. സ്വാഭാവികമായും നോ ബോള്‍ വിളിക്കേണ്ട പന്ത്.

ഗ്രൗണ്ടിലിറങ്ങിയ ബംഗ്ലാദേശ് താരങ്ങള്‍ ശ്രീലങ്കന്‍ താരങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കളി കൈയാങ്കളിയാകുമെന്ന് വരെ തോന്നിച്ച നിമിഷങ്ങള്‍. ഒടുവില്‍ ബംഗ്ലാ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ താരങ്ങളോട് ഗ്രൗണ്ട് വിട്ട് തിരികെവരാന്‍ നിര്‍ദേശിച്ചു.അമ്പയര്‍മാരുമായി ചര്‍ച്ച നടത്തിയശേഷം ക്രീസില്‍ തുടരാനായിരുന്നു മെഹമ്മദുള്ളയുടെ തീരുമാനം. പിന്നീടായിരുന്ന ആന്റി ക്ലൈമാക്സ്. മൂന്നാം പന്ത് ബൗണ്ടറി കടത്തിയ മെഹമ്മദുള്ള നാലാം പന്തില്‍ രണ്ട് റണ്‍സടിച്ചു. ജയത്തിലേക്ക് രണ്ട് പന്തില്‍ ആറു റണ്‍സ്. അഞ്ചാം പന്ത് സിക്സറിന് പറത്തി മെഹമദ്ദുള്ള ബംഗ്ലാദേശിന് അര്‍ഹിച്ച വിജയം സമ്മാനിച്ചതിനൊപ്പം രാജ്യത്തിന്റെ ഹീറോയുാമയി. 18 പന്തില്‍ 43 റണ്‍സുമായി മെഹമ്മദുള്ള പുറത്താകാതെ നിന്നപ്പോള്‍ റൂബല്‍ ഹസന്‍ ആയിരുന്നു ഐതിഹാസിക വിജയത്തില്‍ കൂട്ട്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയുടെ മുന്‍നിര തകര്‍ന്നെങ്കിലും കുശാൽ പെരേര (40 പന്തിൽ 61), തിസാര പെരേര (37 പന്തിൽ 58) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ബംഗ്ലാദേശിന് മുന്നില്‍ 160 റൺസ് വിജയലക്ഷ്യം ഉയര്‍ത്തിയത്. 160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തമിം ഇക്ബാൽ (42 പന്തിൽ 50), മികച്ച തുടക്കമിട്ടു. മുഷ്ഫീഖുറും(28) തമീമിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കിയപ്പോഴായിരുന്നു മെഹമ്മദുള്ളയുടെ ഒറ്റയാൾ പോരാട്ടം അവർക്കു അവിശ്വസനീയ ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യ–ബംഗ്ലദേശ് ഫൈനൽ പോരാട്ടം.