ബാഴ്‌സ ആരാധകർക്ക് ഇനി ശ്വാസംവിടാം. സൂപ്പർതാരം ലിയോണൽ മെസി ബാഴ്‌സലോണ വിടില്ല. ക്ലബുമായുള്ള കരാർ അർജന്റീനൻ താരം 2021 വരെ നീട്ടി. ബാഴ്‌സയുമൊത്തുള്ള കരാർ 2018ൽ അവസാനിക്കാനിരിക്കെയാണ് പുതുക്കിയത്. യൂറോപ്പിലെ നാലാം സുവർണപാദുകം നേടിയതിന് തൊട്ടുപിന്നാലെയാണ് മെസിയുമായുള്ള കരാര്‍ ബാഴ്‌സ പുതുക്കിയത്. 700 മില്യണ്‍ യുറോയുടേതാണ് പുതിയ കരാറെന്ന് ബാഴ്‌സലോണ അധികൃതർ സൂചിപ്പിക്കുന്നു. പുതിയ കരാർ ഔദ്യോഗികമായി നിലവിൽ വരുന്നത് 2018 ജൂലൈ മുതലായിരിക്കും. കുറച്ചുകാലമായി മെസി ബാഴ്‌സലോണ വിട്ടേക്കുമെന്ന് കിംവദന്തികളുണ്ടായിരുന്നു. ഏതായാലും പുതിയ നീക്കത്തിലൂടെ അത്തരം ഗോസിപ്പുകളെ ഇല്ലാതാക്കിയിരിക്കുകയാണ് മെസിയും ബാഴ്‌സലോണ ക്ലബ് അധികൃതരും. മെസിയുടെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബര്‍ടോമ്യൂവിന് മേൽ നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. ടീമിലെ മറ്റൊരു സൂപ്പർതാരം നെയ്‌മ‍ർ ബാഴ്‌സ വിടുകകൂടി ചെയ്തതോടെ മെസിയുമൊത്തുള്ള കരാര്‍ കാലാവധിക്ക് മുമ്പ് തന്നെ പുതുക്കിനൽകാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.