ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന, കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചു. കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പത്താം മിനുട്ടിൽ മെസ്സി തന്നെയാണ് ആതിഥേയർക്കായി ആദ്യ ഗോൾ നേടിയത്. 30 വാര അകലെ നിന്നുള്ള ഫ്രീകിക്കിൽ നിന്നായിരുന്നു മനോഹര ഗോൾ. രാജ്യത്തിനായി 117 കളികളില്‍ മെസി നേടുന്ന 57-ാം ഗോളായിരുന്നു ഇത്.

ഇരുപത്തി മൂന്നാം മിനുട്ടിൽ മെസി തലപ്പാകത്തില്‍ നല്‍കിയ മനോഹരമായൊരു ക്രോസ് ഹെഡ്ഡ് ചെയ്ത് വലയിലാക്കി ലൂകാസ് പ്രാറ്റോ അര്‍ജന്റീനയുടെ ലീഡുയർത്തി. എൺപത്തി നാലാം മിനുട്ടിൽ മെസി നൽകിയ പാസിൽ നിന്ന് ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലൂടെ അര്‍ജന്റീന പട്ടിക തികച്ചു.

കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഹിഗ്വൈന് പകരമെത്തിയ പ്രാറ്റോ അവസരം മുതലാക്കി കോച്ചിന്റെ വിശ്വാസം കാത്തു. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി യഥാര്‍ഥ നായകനായപ്പോള്‍ ഹാമിഷ് റോഡ്രിഗസിന്റെ നേതൃത്വത്തിലിറങ്ങിയ കൊളംബിയ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഗോൾ നേടാനായില്ല. വിജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്ക് തിരച്ചെത്തി. കഴിഞ്ഞ ആഴ്ച ബ്രസിലീനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റതിന്റെ ക്ഷീണം മറയ്ക്കാനും വിജയത്തോടെ അര്‍ജന്റീനയ്ക്കായി.