ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്കായി ലയണല്‍ മെസി 500 ഗോള്‍ തികച്ചു. ക്ലബിനായുള്ള മെസ്സിയുടെ അഞ്ഞൂറാം ഗോളിന്റെ മികവില്‍ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളിന് സെവിയ്യയെ തോല്‍പിച്ചു.സുവാരസും ബാഴ്സക്കായി വല കുലുക്കി.

592 മത്സരങ്ങളില്‍ നിന്നാണ് 29 കാരനായ മെസി ബാഴ്സ കുപ്പായത്തിലെ അഞ്ഞൂറാം ഗോള്‍ തികച്ചത്.സൗഹൃദ മത്സരങ്ങള്‍ അടക്കമുള്ളവയില്‍ നിന്നാണ് 500 ഗോള്‍ നേട്ടം. ഒഫീഷ്യല്‍ ഫിക്സ്ചര്‍ പ്രകാരമുള്ള മത്സരങ്ങളില്‍ 469 ഗോളാണ് മെസിയുടെ സമ്പാദ്യം.

ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി നേരത്തെ മെസി സ്വന്തമാക്കിയിരുന്നു. 1912-മുതല്‍ 1927വരെ ബാഴ്സയ്ക്കായി കളിച്ച് 395 ഗോളുകള്‍ നേടിയ പൗളിനോ അലക്സാന്‍ഡ്രയാണ് മെസിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഏപ്രിലില്‍ മെസി 500 കരിയര്‍ ഗോളുകളെന്ന നേട്ടം കുറിച്ചിരുന്നു. അര്‍ജന്റീനയന്‍ കുപ്പായത്തിലെ ഗോളുകള്‍ കൂടി കണക്കിലെടുത്തായിരുന്നു ഇത്.

2005ല്‍ 17-ാം വയസില്‍ അല്‍ബസെറ്റയ്ക്കെതിരെയാണ് മെസി ബാഴ്സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. സ്പാനിഷ് ലീഗില്‍ ബാഴ്സയ്ക്കായി 320 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയ്ക്കായി 90 ഗോളുകളും മെസി നേടിയിട്ടുണ്ട്. മറ്റ് ഗോളുകള്‍ സ്പാനിഷ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയില്‍ നിന്നാണ്.