ഉറുഗ്വേക്കെതിരായ ഗോളിലൂടെ രാജ്യാന്തര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയതിന് പിന്നാലെയാണ് മറഡോണയുടെ വിമര്‍ശനങ്ങള്‍ക്ക് ലിയോണല്‍ മെസ്സി മറുപടി നല്‍കിയത്. മറഡോണ ആക്ഷേപിച്ചതു പോലെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നാടകമാരുന്നില്ല. കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റപ്പോള്‍ വിരമിക്കുകയാണ് നല്ലതെന്ന് ചിന്തിച്ചു. എന്നാല്‍ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആലോചിച്ചപ്പോള്‍ അവസരങ്ങള്‍ ഇനിയുമുണ്ടെന്ന് മനസ്സിലായി. ദേശീയ ടീമില്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും മെസ്സി പറഞ്ഞു.

അതേസമയം പരിക്ക് പൂര്‍ണമായി ഭേദമായില്ലെന്നും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയ്‌ക്കെതിരായ ചൊവ്വാഴ്ചത്തെ മത്സരം നഷ്‌ടമായേക്കുമെന്നും മെസ്സി അറിയിച്ചു. ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നിലവില്‍ അര്‍ജന്റീന ഒന്നാമതും ബ്രസീല്‍ അഞ്ചാം സ്ഥാനത്തുമാണ്.