മെസിയുടെ ഇന്ദ്രജാലം കോപ്പയ്‌ക്ക് വിരുന്നായപ്പോള്‍ പാനമയ്ക്കെതിരെ അര്‍ജന്റീനയ്‌ക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ഈ ജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. അര്‍ജന്റീനയ്‌ക്കു വേണ്ടി നായകന്‍ ലിയോണല്‍ മെസി ഹാട്രിക്ക് നേടിയപ്പോള്‍ സെര്‍ജി അഗ്യൂറോ, നിക്കോളാസ് ഓട്ടമാന്‍ഡി എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഈ ജയത്തോടെ രണ്ടു കളികളില്‍ നിന്ന് ആറു പോയിന്റായ അര്‍ജന്റീന ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ്. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മല്‍സരത്തില്‍ ചിലി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു.
മെസിയെ ബെഞ്ചിലിരുത്തി കളത്തില്‍ ഇറങ്ങിയ അര്‍ജന്റീന ഏഴാം മിനിട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ ഡി മരിയയുടെ ഫ്രീകിക്കില്‍നിന്നാണ് ഓട്ടമാന്‍ഡി അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഇരു ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞു. പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മഞ്ഞ കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. മുപ്പത്തിയൊന്നാം മിനിട്ടില്‍ പനാമയുടെ ഗോഡോയ് ചുവപ്പു കാര്‍ഡ് കണ്ടതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ അര്‍ജന്റീന ഒരു ഗോള്‍ ലീഡുമായാണ് കളംവിട്ടത്.
മെസിയുടെ മഹേന്ദ്രജാലം
അറുപത്തിയൊന്നാം മിനിട്ടില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിന്റെ പകരക്കാരനായി ഇറങ്ങിയ മെസിയാണ് പിന്നെ കളംനിറഞ്ഞത്. ഏഴു മിനിട്ടിനുള്ളില്‍ തന്നെ മെസി വരവറിയിച്ചു. ബോക്‌സിനുള്ളില്‍ ഉടലെടുത്ത ആശയകുഴപ്പത്തിനൊടുവിലായിരുന്നു മെസിയുടെ ഗോള്‍. ഹിഗ്വെയ്‌ന്റെ കൈയില്‍ തട്ടിയെങ്കിലും ഹാന്‍ഡ് ബോള്‍ വിളിക്കാതിരുന്ന പന്ത് എത്തിയത് മെസിയുടെ കാല്‍ക്കല്‍. ഒരവസരവും നല്‍കാതെ മെസി ഗോളിലേക്ക് പന്തുതൊടുത്തപ്പോള്‍ പാനമ പ്രതിരോധത്തിന് ഒന്നും ചെയ്യാനായില്ല.
എഴുപത്തിയെട്ടാം മിനിട്ടില്‍ തകര്‍പ്പനൊരു ഫ്രീകിക്കിലൂടെ മെസി വീണ്ടും ഗോള്‍ നേടി. മെസിയുടെ തകര്‍പ്പന്‍ ഷോട്ട് തട്ടിയകറ്റാന്‍ പറന്നുചാടിയ ഗോളിക്ക് മുന്നേ, പന്ത് ഗോള്‍വലയുടെ വലതുമൂലയെ ചുംബിച്ചിരുന്നു. എണ്‍പത്തിയെഴാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ വീണ്ടും മെസിയുടെ മഹേന്ദ്രജാലം. പാനമ താരങ്ങളെ വിദഗ്ദ്ധമായി മറികടന്ന ഡ്രിബിളിംഗിനൊടുവിലായിരുന്നു മെസിയുടെ ഹാട്രിക്ക് തികച്ച ഗോള്‍ പിറന്നത്. തൊണ്ണൂറാം മിനിട്ടില്‍ സെര്‍ജി അഗ്യൂറോയിലൂടെ അര്‍ജന്റീന പട്ടിക തികച്ചു. ഈ ഗോളിലും മെസി സ്‌പര്‍ശമുണ്ടായിരുന്നു. മെസി ബോക്‌സിനുള്ളിലേക്ക് നല്‍കിയ അളന്നുമുറിച്ച ക്രോസാണ് അഗ്യൂറോയുടെ ഗോളിലേക്ക് വഴി തുറന്നത്.
