റോസ് ബൗള്‍: കോപ്പ അമേരിക്ക ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്സിക്കോ ക്വാർട്ടറിലെത്തി. ജമൈക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് മെക്സിക്കോ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ചിചാരിറ്റോയും പെരാള്‍ട്ടയുമാണ് മെക്സിക്കോയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതയില്‍ ചിചാരിറ്റോയുടെ ഗോളില്‍ മുന്നിലെത്തിയ മെക്സിക്കോയെ സമനിലയില്‍ പൂട്ടാന്‍ ജമൈക്ക സര്‍വസന്നാഹങ്ങളുമെടുത്ത് പൊരുതിയെങ്കിലും ഗ്യാലറിയിലെ 81000ത്തോളം മെക്സിക്കന്‍ ആരാധകരുടെ ആര്‍പ്പുവിളികളുടെ പിന്തുണയോടെ മുന്നേറിയ മെക്സിക്കോ 81-ാം മിനിട്ടില്‍ പെരാള്‍ട്ടയുടെ ഗോളിലൂടെ വിജയമുറപ്പിച്ചു.

കളിയുടെ പതിനെട്ടാം മിനിട്ടിലാണ് മെക്സിക്കോ ചിചാരിറ്റോയിലൂടെ ആദ്യവെടി പൊട്ടിച്ചത്. ബാറിനു കീഴില്‍ മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചോവ നടത്തിയ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. മെക്സിക്കോയുടെ ജയത്തോടെ സി ഗ്രൂപ്പില്‍ നിന്ന് വെനസ്വേലയുടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. തിങ്കളാഴ്ച നടക്കുന്ന മെക്സിക്കോ-വെനസ്വേല മത്സര വിജയികളായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.