ലാഹോര്‍: ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇന്ത്യയുമായി യുദ്ധത്തിന് തയാറാണെന്നും ഇന്ത്യക്കാര്‍ ഭീരുക്കളാണെന്നും പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ സാമ്‌ന ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ രക്തസാക്ഷിയാവാന്‍ ഓരോ പാക്കിസ്ഥാന്‍കാരനും തയാറാണെന്നും മിയാന്‍ദാദ് പറഞ്ഞു.

പൊള്ളയായ ഭിഷണിക്ക് മുന്നില്‍ പാക്കിസ്ഥാന്‍ തലകുനിക്കില്ലെന്ന് പറഞ്ഞ മിയാന്‍ദാദ് ഇന്ത്യക്കാര്‍ ഭീരുക്കളാണെന്നും അവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി മറുപടി കൊടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാവണമെന്നും വ്യക്തമാക്കി. ഇന്ത്യക്കാരോട് എനിക്ക് ഒരുകാര്യമേ പറയാനുള്ളു. നിങ്ങളുടെ രാജ്യത്തെ ചിലര്‍ തന്നെ നിങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ക്കെതിരെ നിങ്ങള്‍ ഒരുമിച്ച് പോരാടണം. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ഇന്ത്യയില്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ പൊതുവെ നല്ലവരാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീമുട്ടയാണെന്ന് പറഞ്ഞ മിയാന്‍ദാദ് ആരെയാണ് പേടിപ്പിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലെന്നും പറഞ്ഞു. യുദ്ധത്തിന് ഞങ്ങള്‍ തയാറാണ്. വിശുദ്ധ യുദ്ധത്തില്‍ പാക്കിസ്ഥാനുവേണ്ടി രക്തസാക്ഷികളാവാന്‍ രാജ്യത്തെ ഓരോ പൗരനും ഓരോ കുട്ടിയുംവരെ തയാറാണ്. അവര്‍(ഇന്ത്യക്കാര്‍)ഭീരുക്കളാണ്. അവരുടെ സൈന്യം ഒന്നുമല്ല. മിയാന്‍ദാദിന്റെ വാചകമടികേട്ട് ടോക് ഷോയുടെ അവതാരകനും ആവേശം കയറി. താങ്കള്‍ പറഞ്ഞത് ശരിയാണ് മിയാന്‍ദാദ് സാഹേബ്, അവരെ ഇല്ലാതാക്കാന്‍ താങ്കളുടെ ഒറ്റ സിക്സര്‍ മതി എന്നു പറഞ്ഞായിരുന്നു അവതാരകന്‍ പരിപാടി അവസാനിപ്പിച്ചത്. മിയാന്‍ദാദിന്റെ വെല്ലുവിളിക്ക് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ മറുപടി പറഞ്ഞിരുന്നു.