മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിന്റെ സംസ്കാരച്ചടങ്ങുകളെ ചൊല്ലി രാഷ്ട്രീയവിവാദം. ദ്രോണാചാര്യ, പത്മശ്രീ പുരസ്കാരങ്ങള്‍ നേടിയ പരിശീലകന്, ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പരിപാടികളുമായി സച്ചിന്‍ ഇനി സഹകരിക്കരുതെന്ന് സേന എംപി സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു. അതേസമയം, ചില ആശയക്കുഴപ്പം ഉണ്ടായതില്‍ ഖേദിക്കുന്നതായി ഭവനനിര്‍മ്മാണ മന്ത്രി പ്രകാശ് മേത്ത പ്രതികരിച്ചു. ചില ആളുകളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചക്ക് താന്‍ മാപ്പു പറയുന്നുവെന്നും മേത്ത പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ് മേത്ത പറഞ്ഞു.  സാധാരണഗതിയില്‍ പൊതുഭരണ വകുപ്പാണ് ഔദ്യോഗിക ബഹുമതികള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയക്കേണ്ടത്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുകയും വേണം. എന്നാല്‍ ഇത്തരത്തിലൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.