മിഥാലിയെ ലോകകപ്പ് ടി20 സെമിഫൈനല്‍ ടീമില്‍ നിന്നും പുറത്താക്കിയതാണ് സംഭവത്തിന്‍റെ തുടക്കം. ഈ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു

കൊല്‍ക്കത്ത: ഇന്ത്യന്‍ വനിത ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു കഴിഞ്ഞ ഒരു മാസം. പ്രത്യേകിച്ച് ഈ പ്രതിസന്ധി ബാധിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിഥാലി രാജിനെയാണെന്ന് പറയാം. 

മിഥാലിയെ ലോകകപ്പ് ടി20 സെമിഫൈനല്‍ ടീമില്‍ നിന്നും പുറത്താക്കിയതാണ് സംഭവത്തിന്‍റെ തുടക്കം. ഈ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഇതോടെ ക്രിക്കറ്റ് വിദഗ്ധര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്‍റിനെ ചോദ്യമുനയില്‍ നിര്‍ത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ഇത് ടീമിന്‍റെ താല്‍പ്പര്യം എന്നാണ് ഇതിനെ ന്യായീകരിച്ചത്.

ഇന്ത്യന്‍ ടീം കോച്ച് രമേഷ് പവാറുമായുള്ള പ്രശ്നങ്ങളാണ് ടീമിലെ അനിഷ്ടസംഭവങ്ങളിലേക്ക് നയിച്ചത് എന്ന് പിന്നീട് സമീപ ദിവസങ്ങളില്‍ വ്യക്തമായി. ഇത് വലിയ വാര്‍ത്തകളിലേക്ക് നീങ്ങി. എന്നാല്‍ ശനിയാഴ്ച പ്രഖ്യാപിച്ച ന്യൂസിലാന്‍റ് പാര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മിഥാലി തിരിച്ചെത്തിയതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എന്നാണ് കരുതപ്പെടുന്നത്.

അതിനിടെ കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ വിവാദത്തെക്കുറിച്ച് മിഥാലി മനസ് തുറന്നു. കഴിഞ്ഞ ഒരു മാസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും വളരെ സമ്മര്‍ദ്ദമേറിയതായിരുന്നു. സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ല. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇത്തരം പ്രശ്നങ്ങള്‍ മത്സരത്തിലുള്ള ശ്രദ്ധമാറ്റും. ഇപ്പോള്‍ ഒരു ടൂര്‍ നമ്മുടെ മുന്നിലുണ്ട്. വീണ്ടും കളിയിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് മിഥാലി പറയുന്നു.

 ഹര്‍മ്മന്‍പ്രീത് കൗറുമായുള്ള പ്രശ്നത്തില്‍ പ്രതികരിച്ച മിഥാലി 15 വ്യത്യസ്ത മനുഷ്യരാണ് ഒരു ടീമില്‍ ഉണ്ടാകുക. അതിനാല്‍ തന്നെ ചില പ്രശ്നങ്ങളും ഉണ്ടാകും. ഞങ്ങള്‍ ഒരു വലിയ കുടുംബമാണ് എല്ലാ കുടുംബത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണില്ലെ, മിഥാലി പറഞ്ഞു.