''എന്‍റെ കഠിനാധ്വാനം, വിയര്‍പ്പ്, ദേശഭക്തി എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. എന്‍റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ ദിവസമാണി''തെന്നും മിതാലി

മുംബെെ: വിരമിക്കുമെന്നടക്കം പറഞ്ഞ് താന്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ ബിസിസിഐക്ക് റിപ്പോർട്ട് നല്‍കിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന താരം മിതാലി രാജ്. ഏറ്റവും സങ്കടകരമെന്നാണ് ട്വിറ്ററില്‍ ഇതിനെക്കുറിച്ച് മിതാലി കുറിച്ചത്.

''എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കളിയോടുള്ള എന്‍റെ സമര്‍പ്പണവും 20 വര്‍ഷം ഈ കളിക്കായി നീക്കിവച്ചതിനെയും സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുകയാണ്. എന്‍റെ കഠിനാധ്വാനം, വിയര്‍പ്പ്, ദേശഭക്തി എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. എന്‍റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു.

ജീവിതത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ ദിവസമാണിത്. ഇതെല്ലാം നേരിടാന്‍ ദെെവം എനിക്ക് ശക്തി തരട്ടേ''യെന്നും മിതാലി ട്വീറ്റ് ചെയ്തു. ട്വന്റി 20 ലോകകപ്പിൽ ഓപ്പൺ ചെയ്യാന്‍ അനുവദിച്ചില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ ബിസിസിഐക്ക് റിപ്പോർട്ട് നൽകിയത്.

തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമിൽ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാർ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്നും രമേശ് പവാർ ബിസിസിഐക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജി എന്നിവര്‍ക്കെതിരെ നേരത്തെ മിതാലി ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി ആരോപിച്ചിരുന്നു. 

Scroll to load tweet…