യോഗ്യതാ മത്സരങ്ങളിൽ നേടിയ 71 ശതമാനം ഗോളും പിറന്നത് ഈജിപ്ഷ്യൻ മെസിയെന്ന് വിളിപ്പേരുള്ള സലയുടെ കാലുകളില്‍  നിന്നായിരുന്നു.

മാഡ്രിഡ്: ഈജിപ്തിന്‍റെ സൂപ്പര്‍താരം മുഹമ്മദ് സലാ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ കളിക്കാനിറങ്ങുമെന്ന് കോച്ച് ഹെക്ടർ കൂപ്പര്‍. സലയ്ക്ക് ലോകകപ്പിലെ ആദ്യമത്സരങ്ങൾ നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ സെർജിയോ റാമോസിന്‍റെ കാടൻ പ്രതിരോധത്തില്‍ തട്ടി മുഹമ്മദ് സല മൈതാനത്ത് വീഴുമ്പോള്‍ ഈജിപ്ഷ്യൻ ആരാധകരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം കൂടിയാണ് താഴേക്ക് പതിച്ചത്.

സലയെന്ന ഈജിപ്ഷ്യൻ മാന്ത്രിക ഫുട്ബോളറുടെ കാലുകളിലായിരുന്നു ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷയത്രയും.ഒപ്പം വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന ഈജിപ്തിന്‍റെ സ്വപ്നവും.ആരാധകരുടെ ആവേശം മനസിലാക്കിയ കോച്ച് ഹെക്ടര്‍ കൂപ്പര്‍ സലയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ആദ്യമത്സരങ്ങള്‍ സലയ്ക്ക് നഷ്ടമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.ആ ആശങ്കയ്ക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. മുഹമ്മദ് സല ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ കളിക്കാനിറങ്ങുമെന്ന് കോച്ച് ഹെക്ടർ കൂപ്പര്‍ അറിയിച്ചു.

സലയുടെ ചിറകിലേറിയാണ് 28 വ‍ർഷത്തിന് ശേഷം ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യതാ മത്സരങ്ങളിൽ നേടിയ 71 ശതമാനം ഗോളും പിറന്നത് ഈജിപ്ഷ്യൻ മെസിയെന്ന് വിളിപ്പേരുള്ള സലയുടെ കാലുകളില്‍ നിന്നായിരുന്നു. സലയുടെ തിരിച്ചുവരവ് ചെറിയ ആശ്വാസമല്ല ആരാധകര്‍ക്ക് നൽകുന്നത്. 15ന് ഉറുഗ്വെയ്ക്കെതിരെയാണ് ഈജിപ്തിന്റെ ആദ്യമത്സരം.