സോഫിയ: ബാൾക്കൺ അത്‍ലറ്റ് ഒഫ് ദ ഇയർ പുസ്കാരം ക്രോയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്. അഞ്ചു തവണ പുരസ്കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ മറികടന്നാണ് മോഡ്രിച്ചിന്‍റെ നേട്ടം. ഈ പുസ്കാരം നേടുന്ന രണ്ടാമത്തെ ഫുട്ബോളറെന്ന നേട്ടവും ലുക്ക മോഡ്രിച്ച് സ്വന്തമാക്കി. 1994ൽ ബൾഗേറിയൻ താരം, ഹൃസ്റ്റോ സ്റ്റോയിച്ച് കോവാണ് മുൻപ് ഈ പുരസ്കാരം നേടിയ ഫുട്ബോളർ.

റഷ്യൻ ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച് , ടൂർണമെന്‍റിലെ ഗോൾഡൺ ബോൾ പുരസ്കാരവും നേടി. ഇത്തവണത്തെ യൂറോപ്യൻ ഫുട്ബോളർ ഒഫ് ദ ഇയർ, ഫിഫ ബെസ്റ്റ് ഫുട്ബോളർ, ബാലൻ ഡി ഓർ പുരസ്കാരങ്ങളും മോഡ്രിച്ചിനെയാണ് തേടിയെത്തിയത്.

ബാൾക്കൺ വുമൺ അത്‍ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം റുമാനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പിനാണ്. ഒൻപത് ബാൾക്കൺ രാജ്യങ്ങളിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.