മറുവശത്ത് യുവന്‍റസില്‍ നിന്ന് പൗളോ ഡിബാലയെ കൊത്താന്‍ റയലും ശ്രമിക്കുന്നുണ്ട്. റൊണാള്‍ഡോയുടെ പകരക്കാരനായി ആരെയും ടീമിലെത്തിക്കാന്‍ സാധിക്കാത്തത് റയല്‍ ആരാധകര്‍ക്ക് ഇതിനകം ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 

മാഡ്രിഡ്: തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ക്ലബ് എന്ന ഖ്യാതി സ്വന്തമാക്കിയതിന് പിന്നാലെ ആരംഭിച്ച ശനിദശ റയല്‍ മാഡ്രിഡിനെ വിട്ടൊഴിയുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് മാറിയതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി ക്ലബ് വിടാനുള്ള ആഗ്രഹം മാനേജ്മെന്‍റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ സ്റ്റാര്‍ ലൂക്കാ മോഡ്രിച്ചാണ് ക്ലബ് വിടാനും ഇന്‍റര്‍ മിലാനില്‍ ചേരാനുമുള്ള താത്പര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് ക്ലബ് മാറാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നാണ് മോഡ്രിച്ച് റയല്‍ പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസിനോട് പറഞ്ഞത്.

പക്ഷേ, മോഡ്രിച്ചിനെ വിട്ടുകൊടുക്കാന്‍ റയലിന് ഒട്ടും താത്പര്യമില്ല. ക്ലബ്ബിനും പരിശീലകന്‍ ജൂലന്‍ ലെപ്റ്റഗ്യൂയിക്കും മോഡ്രിച്ചിനെ ടീം വിടുന്നത് അനുവദിക്കാന്‍ ഇഷ്ടമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡ്രിച്ചിനെ വിട്ടു കിട്ടിയില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ജര്‍മന്‍ താരം ഇല്‍കെയ് ഗുണ്ടോഗാനെ എത്തിക്കാനാണ് ഇന്‍ററിന്‍റെ ശ്രമം.

മറുവശത്ത് യുവന്‍റസില്‍ നിന്ന് പൗളോ ഡിബാലയെ കൊത്താന്‍ റയലും ശ്രമിക്കുന്നുണ്ട്. റൊണാള്‍ഡോയുടെ പകരക്കാരനായി ആരെയും ടീമിലെത്തിക്കാന്‍ സാധിക്കാത്തത് റയല്‍ ആരാധകര്‍ക്ക് ഇതിനകം ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹസാര്‍ഡ് ടീമിലെത്തുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകുമ്പോള്‍ വീണ്ടുമൊരു തിരിച്ചടി വന്നാല്‍ ഈ സീസണ്‍ വന്‍ സമ്മര്‍ദത്തോടെയാകും റയല്‍ തുടക്കമിടുക.