മുഹമ്മദ് കൈഫ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു
ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്ഡര്മാരില് ഒരാളും നാറ്റ്വെസ്റ്റ് സീരീസ് ഹീറോയുമായ മുഹമ്മദ് കൈഫ് ക്രിക്കറ്റില് നിന്ന് വിരമിച്ചു. കൈഫ് വിജയശിൽപ്പിയായ ഇംഗ്ലണ്ടിലെ നാറ്റ്വെസ്റ്റ് സീരീസ് വിജയത്തിന്റെ പതിനാറാം വാര്ഷികത്തിൽ ആണ് പ്രഖ്യാപനം. 2000ൽ അണ്ടര് 19 ലോകകപ്പ് നേടിയ ഇന്ത്യന് ടീം നായകനായിരുന്നു.
നാറ്റ്വെസ്റ്റ് സീരീസില് ഇംഗ്ലണ്ടിനെതിരായ ഫൈനലില് 326 റൺസ് പിന്തുടര്ന്ന ഇന്ത്യക്ക് യുവ്രാജിനൊപ്പം, പുറത്താകാതെ 87 റൺസെടുത്ത കൈഫാണ് ജയം ഒരുക്കിയത്. ഇതോടെ ദാദയുടെ സംഘത്തിലെ പ്രധാനിയായി കൈഫ് മാറി. 1997ൽ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ എത്തിയ കൈഫ് 13 ടെസ്റ്റിലും 125 ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു.
2006ലെ ദക്ഷിണാഫ്രിക്കന് പര്യടനത്തിലാണ് കൈഫ് അവസാനം ഇന്ത്യക്കായി കളിച്ചത്. ഉത്തര്പ്രദേശിനെ രഞ്ജി ട്രോഫി ചാംപ്യന്മാരാക്കിയത് അടക്കം ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയമായ നേട്ടങ്ങള് കൈഫിന്റെ പേരിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാന് നൽകിയ അവസരത്തിന് നന്ദിയുണ്ടെന്ന് ബിസിസിഐക്ക് അയച്ച കത്തിൽ കൈഫ് അറിയിച്ചു.
