സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫ് ആണ് ഇപ്പോള്‍ വിവാദത്തില്‍. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാനാവുന്ന സമഗ്രമായ വ്യായാമ മുറയാണ് യോഗയെന്നും കൈഫ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് തീവ്രനിലപാടുകാരായ ചിലരെ ചൊടിപ്പിച്ചത്. യോഗയും സൂര്യനമസ്‌കാരവും ഇസ്ലാമിന് ചേര്‍ന്നതല്ലെന്നും കൈഫ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങി.
വിമര്‍ശനങ്ങള്‍ കനത്തതോടെ കൈഫ് ട്വിറ്ററിലൂടെ തിരിച്ചടിച്ചു. യോഗ ചെയ്യുന്‌പോഴും അള്ളാഹു ഹൃദയത്തിലുണ്ടായിരുന്നു. യോഗയും മതവുമായുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നും വ്യായാമം എല്ലാ മനുഷ്യര്‍ക്കും നല്ലതാണെന്നും കൈഫ് പ്രതികരിച്ചു. നേരത്തെ ഭാര്യയുടെ വസ്ത്രധാരണത്തെ ചൊല്ലി വിവാദത്തിലായ ഷമിയെ പിന്തുണച്ചും കൈഫ് രംഗത്തെത്തിയിരുന്നു.
