മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അൽപ്പകാലമായി സാമൂഹിക മാധ്യമങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുകയായിരുന്നു. മകനുമൊത്ത് ചെസ്സ് കളിക്കുന്ന ചിത്രവും സൂര്യനമസ്കാരം നിർവഹിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്ത താരത്തെ തീവ്രനിലപാടുകാരായ ട്രോളർമാരുടെ ഇരയാക്കിയിരുന്നു.
ഇപ്പോൾ ഭാര്യക്കും മകനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തതോടെ പഴയ സംഘം വീണ്ടും താരത്തിനെതിരെ തിരിഞ്ഞു. ഇസ്ലാമികമായി നിഷിദ്ധമായ ആഘോഷം ആഘോഷിക്കരുതെന്ന ട്രോളുകളുമായാണ് ചിലർ വന്നത്. ക്രിസ്മസ് ആഘോഷം മരണശേഷം ദൈവകോപത്തിന് ഇടയാക്കുമെന്നായിരുന്നു ചിലരുടെ മുന്നറിയിപ്പ്.
ചിലർ കൈഫിനെ പിന്തുണക്കുകയും സാമുദായിക സൗഹാർദ്ദം ഉറപ്പാക്കാൻ ഇത്തരം ആഘോഷങ്ങൾ വഴിയൊരുക്കുമെന്നും അഭിപ്രായപ്പെടുന്നു.
നേരത്തെ ഇർഫാൻ പത്താനും മുഹമ്മദ് ഷാമിയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ട താരങ്ങളാണ്. കൈമറക്കാത്ത ഭാര്യയുടെ ചിത്രത്തിെൻറ പേരിലും മകളുടെ ജന്മദിനാഘോഷ ചിത്രങ്ങളുമാണ് ഇരുവർക്കും നേരെ വിമർശനം ക്ഷണിച്ചുവരുത്തിയത്.
