ദുബായ്: ടെസ്റ്റ് പദവി ലഭിച്ചതിന് പിന്നാലെ ആദ്യ മത്സരം ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് അഫ്ഗാന്‍ താരം. ടെസ്റ്റ് പദവി ലഭിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ ഓണ്‍റൗണ്ടറായ മുഹമ്മദ് നബി. വര്‍ഷങ്ങളോളം ഞങ്ങള്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്യമായിരിക്കുന്നത്. ഒടുവില്‍ ഞങ്ങളൊരു ടെസ്റ്റ് രാജ്യമായിരിക്കുന്നു. ആദ്യ ടെസ്റ്റ് ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം മുഹമ്മദ് നബി തുറന്നു പറഞ്ഞു.

ഇന്ത്യയ്ക്കാരില്‍ നിന്നും വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ബിസിസിഐയും ഞങ്ങളെ സഹായിക്കുന്നു. ഇന്ത്യയ്ക്കാരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത് സാധ്യമാകുമായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഞങ്ങളെ അറിയാം
മുഹമ്മദ് നബി കൂട്ടിച്ചേര്‍ത്തു അഫ്ഗാനിസ്ഥാന് ഇതൊരു പെരുന്നാള്‍ സമ്മാനമാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഷഫീഖ് സ്റ്റാനിക്‌സായി നേരത്തെ പറഞ്ഞിരുന്നു.

ബുധനാഴ്ചയാണ് അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റിനും ടെസ്റ്റ് പദവി ലഭിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് പുറത്ത് വിട്ടത്. 17 കൊല്ലത്തിന് ശേഷമാണ് ടെസ്റ്റ് പദവി രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നത്. 2000ത്തില്‍ ഇതിന് മുന്‍പ് ബംഗ്ലാദേശിനാണ് അവസാനമായി ടെസ്റ്റ് പദവി ലഭിച്ചത്. ഇതോടെ ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി.

ഇതോടെ ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള അംഗങ്ങളായി അഫ്ഗാനിസ്ഥാനും അയര്‍ലാന്‍റും മാറും. ഇതുവരെ ഇവര്‍ക്ക് അസോസിയേറ്റ് പദവി മാത്രമാണ് ഉണ്ടായിരുന്നത്. ഐസിസിക്കുള്ളില്‍ വോട്ട് ചെയ്യാനും ഈ രാജ്യങ്ങള്‍ക്ക് സാധിക്കും. ഐസിസി ടെസ്റ്റ് പദവി കിട്ടിയതോടെ ഈ രാജ്യങ്ങള്‍ക്ക് യോഗ്യത മത്സരമില്ലാതെ ലോകക്കപ്പ് പോലുള്ള ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാം.