ദുബൈ: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷഹ്‌സാദിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്നുകള്‍ ഷഹ്‌സാദ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനം.ഈ മാസം 26 മുതലാണ് ഷഹ്‌സാദിന് മേലുളള വിലക്ക് നിലവില്‍ വരുക. താരത്തിന് പരാതിയുണ്ടെങ്കില്‍ ഏപ്രില്‍ 26ന് മുമ്പ് അപ്പീല്‍ നല്‍കാം. മൂന്ന് മാസം മുമ്പാണ് വിലക്കിന് കാരണമായ ഉത്തേജക പരിശോധനയ്ക്ക് ഷെഹ്‌സാദ് വിധേയനായത്.
ദുബൈയില ഐസിസി അക്കാഡമിയില്‍ വെച്ചായിരുന്നു ഈ പരിശോധന. ഇതിന്‍റെ ഫലങ്ങള്‍ സാള്‍ട്ട് ലാക്ക് സിറ്റിയിലുളള വാഡയുടെ അംഗീകരമുളള ലാബോട്ടറിയില്‍ വിശകലനം ചെയ്തു. ഈ വിശകലനത്തിലാണ് വാഡ നിരോധിച്ച മരുന്നുകളുടെ അംശം ഷഹ്‌സാദിന്റെ ശരീരത്തിലുളളതായി കണ്ടെത്തിയത്. മാംസപേശികള്‍ ദൃഢമാക്കുന്ന ഉത്തേജക മരുന്നിന്റെ അംശമാണ് ഷഹ്‌സാദിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.
ഷഹ്‌സാദിനെ സസ്‌പെന്റ് ചെയ്യാനുളള ഐസിസിയുടെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് വന്‍ തിരിച്ചടിയാണ് നല്‍കുക. കഴിഞ്ഞ കുറച്ച് വര്‍ഷമായി അഫ്ഗാന്റെ ക്രിക്കറ്റ് മുഖമായിരുന്നു ഷഹ്‌സാദ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനായി ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുളള താരവും ഷഹ്‌സാദാണ്. ട്വന്‍റി20 റണ്‍വേട്ടയില്‍ കോഹ്ലിയെ വരെ പിന്നിലാക്കിയായിരുന്നു ഷഹ്സാദിന്‍റെ മുന്നേറ്റം. അതിനിടയിലാണ് ഉത്തേജക വിവാദം.
ലോകക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ വെടിക്കെട്ട് ബാറ്റ്‌സ്മാനായാണ് ഷഹ്‌സാദിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. അഫ്ഗാനായി 58 വീതം ഏകദിനവും ടി20യും കളിച്ചിട്ടുളള ഷഹ്‌സാദ് ഏകദിനത്തില്‍ 33.94 ശരാശരിയില്‍ 1901 റണ്‍സും ടി20യില്‍ 32.34 ശരാശരിയില്‍ 1779 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ നാലും ടി20യില്‍ ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
